സ്വന്തം ലേഖകൻ
തൃശൂർ: ഒരു കളിയാകുന്പോൾ ജയിക്കും തോൽക്കും..എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി.. അർജന്റീനയുടെ ഫ്ളെക്സും കൊടിയും ജേഴ്സിയും കീറിയെറിഞ്ഞ് ആരാധകർ വിലപിക്കുന്നു. ലോകമെന്പാടുമുളള അർജന്റീന ആരാധകർക്കൊപ്പം കേരളത്തിലെ ആരാധകരും തങ്ങളുടെ പ്രിയടീമിന്റെ തോൽവിയിൽ മനം നൊന്ത് വിഷമിക്കുകയാണ്.
വിഷമം വന്നാലും സന്തോഷം വന്നാലും രണ്ടെണ്ണം അടിക്കുക എന്നതിനേക്കാൾ രണ്ടു ട്രോളിടുക എന്ന മലയാളിയുടെ പുതിയ ശീലം ഇക്കുറിയും തെറ്റിയില്ല.
ക്രൊയേഷ്യയുടെ മൂന്നുഗോൾ വാങ്ങി കളംവിട്ട അർജന്റീന ട്രോൾ ഗോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ദയാദാക്ഷിണ്യവുമില്ലാതെ ട്രോളൻമാർ അടിയോടടി…കളി കഴിഞ്ഞയുടൻ അർജന്റീന ജേഴ്സി വലിച്ചൂരി കീറിയെറിഞ്ഞ് കത്തിച്ച ആരാധകരുണ്ടായിരുന്നു.
മെസിയുടെ കട്ടൗട്ടും ഫ്ളെകസും പുലരും മുന്പേ അഴിച്ചെടുത്ത് കാണാമറയത്ത് കൊണ്ടുവച്ച അർജന്റീന ആരാധകർ ഇന്ന് പുറത്തിറങ്ങിയത് ഉച്ചയായപ്പോഴാണ്.
സ്ന്ദേശം സിനിമയിൽ ശ്രീനിവാസൻ ചോദിക്കും പോലെ എന്താണ് സംഭവിച്ചത് എന്ന് അർജന്റീന ആരാധകർ പരസ്പരം ചോദിക്കുന്നു…
സമയമുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന പാവങ്ങളും ഇപ്പോഴുമുണ്ട്.അല്ലേലും ഈ തല്ലിപ്പൊളി കപ്പ് ഞങ്ങൾക്ക് വേണ്ടെന്ന് ശപിക്കുന്ന നാടോടിക്കാറ്റിലെ ദാസനും വിജയനും…അർജന്റീനയുടെ തോൽവി കാണുന്ന ബ്രസീൽ ഫാൻസുകാരായി ജയറാമും സിദ്ധിഖും..
ലോകകപ്പിലെ വന്പൻ സ്രാവുകൾക്ക് എന്തു പറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ ക്രൊയേഷ്യൻ പിള്ളേര് എട്ടിന്റെ പണി കൊടുത്തൂന്ന് പറഞ്ഞേക്ക് എന്ന് കലിപ്പിൽ പറയുന്ന ഫഹദ് ഫാസിൽ..
അർജന്റീനയുടെ ഫ്ളെക്സ് അഴിച്ചെടുത്തു കൊണ്ടുപോകുന്ന ജഗതി ശ്രീകുമാറുമൊക്കെ ട്രോൾ മഴയിൽ നിറയുന്നു.
അർജന്റീന ഫാൻ ആയിരുന്നെങ്കിൽ ഇന്നു തീർന്നേനെ എന്ന് ആശ്വസിക്കുന്ന അൽഫോണ്സ് കണ്ണന്താനത്തിന്റെ ഭാര്യയും ട്രോളിലിടം നേടി.
വാമോസ് അർജന്റീന എന്ന് കണ്ണാടിയിൽ നോക്കി മുദ്രവാക്യം മുഴക്കുന്ന ഒരു ശരാശരി അർജന്റീന ഫാനായി
ക്യൂബ മുകുന്ദനും ട്രോളിൽ പ്രത്യക്ഷപ്പെട്ടു.
ചുമരെഴുത്ത് മായ്ക്കും പോലെ പോസ്റ്റർ കീറിക്കളയും പോലെ ട്രോൾ കീറിക്കളയാൻ വല്ല വഴിയുമുണ്ടോ എന്ന് ആരായുന്ന അർജന്റീന ഫാൻസുകാരെയും കളിയാക്കുന്നുണ്ട്.