ക്വലാലംപുർ: ഒരു നിമിഷം ഇന്ത്യയെ നിർഭാഗ്യം പിടികൂടി. ആ ഒരു നിമിഷം മതിയായിരുന്നു ദക്ഷിണ കൊറിയയക്ക് ഇന്ത്യയുടെ വലയിൽ പന്ത് നിക്ഷേപിക്കാൻ. എങ്കിലും പൊരുതി കീഴടങ്ങിയ ഇന്ത്യൻ കൗമാര താരങ്ങളെ രാജ്യം ധീരന്മാരെന്ന് വിളിച്ച് പ്രശംസിച്ചു. നിങ്ങളിൽ ഇന്ത്യയുടെ ഭാവി കാണുന്നതായി സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞു.
ദൗർഭാഗ്യം കൂട്ടുകൂടിയപ്പോൾ ഇന്ത്യ ഏഷ്യ കപ്പ് അണ്ടർ 16 ഫുട്ബോൾ ക്വാർട്ടറിൽ 1-0ന് കൊറിയയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ചു. അതോടെ അടുത്ത വർഷം ചിലിയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാമെന്ന ഇന്ത്യയുടെ സ്വപ്നം വിഫലമായി. 16 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു ഇന്ത്യ ക്വാർട്ടർ കളിച്ചത്. അന്നും ദക്ഷിണ കൊറിയ ആയിരുന്നു ഇന്ത്യയുടെ വഴി മുടക്കിയത്.
ഇന്ത്യയുടെ ഗോൾ കീപ്പർ നീരജ് കുമാറിന്റെ ഉജ്വല സേവുകളാണ് ആദ്യ പകുതിയിൽ കണ്ടത്. നീരജിനു മുന്നിൽ തളർന്ന കൊറിയ ഒരു മണിക്കൂർ ഗോൾ നേടാനാവാതെ വിയർത്തു. എന്നാൽ, 67-ാം മിനിറ്റിൽ നീരജ് വീണുകിടന്ന് തട്ടിയകറ്റിയ പന്ത് നേരെവന്നത് കൊറിയൻ താരം ജിയോണ്‍ സാൻ ബിംഗിന്റെ പാകത്തിന്.
ജിയോണ്‍ പന്ത് നിഷ്പ്രയാസം വലയിലെത്തിച്ചതോടെ ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞു.ഇന്ത്യൻ ഗോൾമുഖത്തേക്ക് കൊറിയ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും പ്രതിരോധത്തേയും നീരജിനെയും മറികടക്കാനായില്ല.