കോല്‍ക്കത്ത: പന്തടക്കത്തോടെ കോല്‍ക്കത്തയും ഷോട്ടുകളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സും അരങ്ങു തകര്‍ത്ത മത്സരത്തില്‍ ആവേശകരമായ സമനില. കേരളത്തിനായി എട്ടാം മിനിറ്റില്‍ സി.കെ. വിനീതും കോല്‍ക്കത്തയ്ക്കായി 18–ാം മിനിറ്റില്‍ സ്റ്റീഫന്‍ പിയേഴ്‌സണുമാണ് ഗോളുകള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചതോടെ കോല്‍ക്കത്ത സെമിയിലേക്കു യോഗ്യത നേടി. നാളെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – ഡല്‍ഹി ഡൈനാമോസ് മത്സരഫലമായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി തീരുമാനിക്കുക. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടാല്‍ നാളെ ബ്ലാസ്‌റ്റേഴ്‌സിനു സെമി ഉറപ്പിക്കാം. എന്നാല്‍, നാളെ നോര്‍ത്ത് ഈസ്റ്റ് വിജയിക്കുകയാണെങ്കില്‍ ഡിസംബര്‍ നാലിനു കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് മത്സരത്തിലെ വിജയികളാകും അവസാന നാലിലേക്കു കുതിക്കുക. ഡല്‍ഹിയും മുംബൈയും സെമിയിലെത്തി.
ആദ്യപകുതിയുടെ തുടക്കത്തില്‍ കോല്‍ക്കത്തയാണ് പന്ത് കൈവശം വച്ച് അപകടം വിതച്ചത്. സെമിപ്രവേശനമെന്ന ലക്ഷ്യംവച്ച് ശക്തമായ മുന്‍ നിരയെയാണ് ഇരുടീമും കളത്തിലിറക്കിയത്. ഹ്യും, ലാറ, പോസ്റ്റിഗ എന്നിവര്‍ അത്‌ലറ്റിക്കോയ്ക്കു വേണ്ടിയിറങ്ങിയപ്പോള്‍ വിനീതും, ബെന്‍ഫോര്‍ട്ടും റാഫിയും മഞ്ഞപ്പടയുടെ മുന്നേറ്റ നിരയ്ക്ക് ഊര്‍ജം പകര്‍ന്നു. തുടക്കത്തില്‍ത്തന്നെ കോല്‍ക്കത്ത ആക്രമിച്ചപ്പോള്‍ മെഹ്താബ് ഹുസൈന്‍ ഫ്രികിക്ക് വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍, മുന്‍ കളികളില്‍നിന്നും വ്യത്യസ്തമായി ബ്ലാസ്‌റ്റേഴസ് എട്ടാം മിനിറ്റില്‍ കോല്‍ക്കത്തയുടെ വല തുളച്ചു. ഇടതു ഭാഗത്തുനിന്നും മെഹ്താബ് ഉയര്‍ത്തിവിട്ട പന്തില്‍ അപകടം ഒഴിവാക്കുന്നതില്‍ കോല്‍ക്കത്തന്‍ ഗോള്‍കീപ്പര്‍ ദേവ്ജിത്തിനു പിഴച്ചു. സെഡ്രിക് ഹെംഗ്ബര്‍ട്ടിന്റെ പാസ് സി.കെ. വിനീത് മനോഹരമായി തലവച്ച് ഗോളിലേക്കു തിരിച്ചുവിട്ടു. മലയാളി താരത്തിന്റെ ഈ സീസണിലെ നാലാം ഗോള്‍. ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ ബ്ലാസ്‌റ്റേഴ്‌സും സമനില ഗോളിനായി കോല്‍ക്കത്തയും പൊരുതിയതോടെ കളി ആവേശത്തിലായി. 18–ാം മിനിറ്റില്‍ കോല്‍ക്കത്തന്‍ സംഘത്തിന്റെ മറുപടി ഗോള്‍ വന്നു. പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ കേരളത്തിന്റെ പ്രതിരോധത്തിനിടയിലൂടെ നല്‍കിയ പാസില്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ലക്ഷ്യം കണ്ടു. ആദ്യ സീസണില്‍ കേരളത്തിന്റെ മഞ്ഞ ജഴ്‌സിയിലെ മിന്നും താരമായിരുന്നു പിയേഴ്‌സണ്‍. 27–ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനു മികച്ച ഒരവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 38–ാം മിനിറ്റില്‍ പോസ്റ്റിഗയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിനു സുവര്‍ണാവസരം ലഭിച്ചത്. ഹോസുവിന്റെ ക്രോസില്‍ എന്‍ഡോയെയ്ക്കു തലപാകത്തിനു വന്നെങ്കിലും വലയിലേക്കു മറിക്കാന്‍ സാധിച്ചില്ല.
ആദ്യപകുതിയുടെ ആവേശം കെട്ടടങ്ങിയ പോലെയായിരുന്നു രണ്ടാം പകുതിയില്‍ ഇരുടീമും. സമനിലയ്ക്കായുള്ള കളിയായപ്പോള്‍ വിരസതയേറി. കേരളത്തിനായി മുഹമ്മദ് റാഫിയുടെ ഷോട്ട് മാത്രമാണ് എടുത്തുപറയാന്‍ തക്കതായി പിറന്നത്. മെഹ്താബിന്റെ കോര്‍ണറില്‍ നിന്നും വന്ന പന്തില്‍ ഒരു ഹാഫ് വോളിയില്‍ റാഫി ഷോട്ടടിച്ചെങ്കിലും കോട്ടലിന്റെ തടഞ്ഞു. കോട്ടലിന്റെ കൈകളില്‍ തട്ടിയതിന് പെനാല്‍റ്റിക്കായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ശ്രമിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
പിന്നീട് ഇരുടീമും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. സമനിലയോടെ ഇരുടീമിനും 13 കളികളില്‍നിന്നും 19 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ കോല്‍ക്കത്ത മൂന്നാം സ്ഥാനത്തും ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്. ദക്ഷിണ അമേരിക്കന്‍ കപ്പ് ഫൈലിനായി കൊളംബിയയിലേക്കു പോകവെ അപകതത്തില്‍പ്പെട്ടു മരിച്ച ബ്രസീലിയന്‍ ക്ലബ്ബായ ചാപ്പെകോയന്‍സിലെ താരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്.