ബിജു ഇത്തിത്തറ
കടുത്തുരുത്തി: നാട്ടിലെ ഫുട്ബോള്‍ പരിശീലനരംഗത്ത് പുതിയ ചരിത്രമാവുകയാണ് മുളക്കുളത്ത് ആരംഭിച്ച ഹില്റണ് വിത്ത് ഫുട്ബോള്‍ ട്രെയിനിംഗ്.
യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതിരുന്നിട്ടും ഒരുകൂട്ടം വിദ്യാര്‍ഥികളെ ഫുട്ബോളില്‍ ഉയരങ്ങളിലെത്തിക്കാന്‍ നേതൃത്വം നല്കിയ കായിക പരിശീലനം നല്കിയ ജോമോന് ജേക്കബാണ് പുതിയ പരിശീലനത്തിന് പിന്നിലും.
കേരളത്തിലാദ്യമായി മുളക്കുളത്താണ് ഹില്റണ് പരിശീലനം ആരംഭിച്ചതെങ്കിലും പിന്നീട് കൂരുമലയിലും ഈ പരിശീലനം ആരംഭിച്ചിരുന്നു.
ജോമോ ന്റെ ശിഷ്യരായ വനിതാ താരങ്ങളാണ് പുതിയ പരിശീലനരീതിയും ഇദേഹത്തില്‍ നിന്നും അഭ്യസിക്കുന്നത്. ഹില്റണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നവര്‍ക്കു ലഭിക്കുന്ന കായികക്ഷമത തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
കൂടാതെ ബോള്‍ നിയന്ത്രണം, വേഗത, കരുത്ത് എന്നീ മേഖലകളിലുണ്ടാകുന്ന പുരോഗതി എടുത്ത് പറയേണ്ടതാണ്. ലോകപ്രശസ്തരായ ഫുട്ബോള്‍ താരങ്ങള്‍ പലരും ഈ പരിശീലനരീതി പിന്തുടരുന്നുണ്ടെന്നും ജോമോന് പറയുന്നു.
പല വിദേശരാജ്യങ്ങളിലും ഫുട്ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കും കരുത്തിനുമായി ഹില്റണ് ഫുട്ബോള്‍ ട്രെയിനിംഗ് നടത്തുന്നുണ്ടെന്നും ഇദേഹം പറയുന്നു.
ഈ പരിശീലനം നടത്തിയ താരങ്ങള്‍ മറ്റുള്ളവരെക്കാള്‍ വളരെ മുന്നിലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കുത്തനെയുള്ള മലയിലേക്കോ, റോഡിലുള്ള കയറ്റത്തിലോ ആണ് ഹില്റണ് പരിശീലനം നടത്തുന്നത്.
അമേരിക്കയിലെ കൊളാറാഡോയിലെ ഡോ എല്‍ദോയില്‍ നിന്നുമാണ് ഈ പരിശീലനരീതിയെ കുറിച്ച് ജോമോനറിയുന്നത്. ജോമോന്റെ നേതൃത്വത്തില്‍ എട്ട് വനിതാ താരങ്ങളാണ് ഹില്റണ് പരിശീലനം നടത്തുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ കയാമ്പില് അംഗമായിട്ടുള്ള അക്ഷര, ദേശീയ ഇന്റര്‍ യൂണിവേഴ്സിറ്റി താരങ്ങളായ ശ്രീവിദ്യ, കാവ്യ, ശ്രീദേവി, സംസ്ഥാന താരങ്ങമായ മഹിമ, അസ്നമോള്, അശ്വതി, ഏയ്ഞ്ചല്‍ എന്നിവരെല്ലാമാണ് ജോമോനൊപ്പം ഹില്റണില് പരിശീലനം നടത്തുന്നത്.