സ്വന്തം ലേഖിക
കൊച്ചി: വായ്പയെടുത്ത തുകകൊണ്ട് യാത്ര ചെലവിനുള്ള പണം കണ്ടെത്തി വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഇന്നലെ ഇറാനിലെത്തി.
നാളെ മുതല്‍ ഒമ്പതുവരെ ഇറാനിലെ കിഷ് ഐലന്‍ഡിലാണ് ശാരീരിക വൈകല്യമുള്ളവര്‍ക്കായുള്ള വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ടീമിലെ കായികതാരങ്ങളായ എസ്.ആര്. വൈശാഖ്, കെ.അബ്ദുള്‍ മുനീര്‍, ബി.ബാഷ, ധര്‍മേന്ദ്ര കുമാര്‍, വസന്തരാജ് എന്നീ കായിക താരങ്ങളാണ് യാത്ര ചെലവിനുള്ള പണം കണ്ടെത്താനാവാതെ വിഷമിച്ചത്.
സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പാരാ ആംപ്യൂഡറ്റ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എ.എം. കിഷോര്‍ വായ്പയായി എടുത്ത പണവുമായാണ് ഇന്ത്യന്‍ ടീം ഇറാനിലേക്ക് പുറപ്പെട്ടത്.
നിലവില്‍ അംഗഭംഗം സംഭവിച്ചവര്‍ക്കുള്ള ഫുട്ബോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കാത്തതുകൊണ്ട് യാതൊരു വിധ സഹായവും ഈ കായിക താരങ്ങള്‍ക്ക് ലഭിക്കുന്നില്ല.
ഒരാള്‍ക്ക് 1,60,000 രൂപയാണ് യാത്രായിനത്തില്‍ വേണ്ടിവരുന്നത്. ഈ വെസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, ഇറാന്, ഇറാക്ക്, പലസ്തീന്, ഉസ്ബക്കിസ്ഥാന്, സിറിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ വിജയങ്ങളാകുന്ന മൂന്ന് രാജ്യങ്ങളാണ് 2022 ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോള്‍ വേള്‍ഡ് കപ്പിനുള്ള യോഗ്യത നേടുക.
കൊച്ചിയില്‍നിന്ന് ദുബായ് വഴി ഇറാനിലേക്ക് പുറപ്പെട്ട 15 അംഗ ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് 12 മലയാളികളാണ് ടീമിലുള്ളത്. ക്യാപ്റ്റന്‍ എസ്.ആര്. വൈശാഖ്, വൈസ് ക്യാപ്റ്റന്‍ ബി. ബാഷാ-ആലപ്പുഴ, കെ. അബ്ദുള്‍ മുനീര്‍ കോഴിക്കോട്, സിജോ ജോര്‍ജ്-തിരുവനന്തപുരം, ഷിബിന്‍ ആന്റോ, വി.പി. ലെനിന്-തൃശൂര്‍, മനു പി മാത്യു-പാലക്കാട്, മുഹമ്മദ് ഷാഫി പാണക്കാടന്-മലപ്പുറം, ഷബിന് രാജ്-കാസര്‍ഗോഡ്, വസന്ത രാജ്-തമിഴ്നാട്, ധര്‍മ്മേന്ദ്ര കുമാര്‍-ബിഹാര്‍, വിജയ ശര്‍മ്മ-ഡല്‍ഹി, ടീം കോച്ച് കെ.കെ. പ്രതാപന്, 14, ടീം ഫിസിയോ ഡോക്ടര്‍ അസ്കര്‍ അലി, ടീം ഒഫീഷ്യല്‍ എ.എം. കിഷോര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.