ബർലിൻ: ലോകകപ്പ് ഫുട്ബോൾ ആവേശം തലയ്ക്കു പിടിച്ച ബംഗ്ലാദേശുകാരനായ ജർമൻ ആരാധകൻ അഞ്ചര കിലോമീറ്റർ നീളമുള്ള പതാക നിർമിച്ചു ലോക റിക്കോർഡിലേക്ക്. ഡസൻ കണക്കിന് വോളന്റിയർമാരുടെ സഹായത്തോടെയാണ് താൻ നിർമിച്ച ജർമനിയുടെ പതാക അംജദ് ഹുസൈൻ എന്ന ആരാധകൻ ഒരു സ്കൂൾ മൈതാനത്ത് പ്രദർശിപ്പിച്ചത്.
ജർമനിയിൽ നിർമിച്ച ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് തന്റെ ഗോൾബ്ലാഡർ സ്റ്റോണ്‍ മാറിയതാണ് ജർമനിയോടുള്ള ആരാധന തുടങ്ങാൻ കാരണമെന്ന് അറുപത്തിയൊൻപതുകാരനായ ഹുസൈൻ പറയുന്നു.
2006 ൽ ജർമനി ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോൾ തുടങ്ങിയതാണ് പതാക നിർമാണം. ഇതിന് ആവശ്യമായ തുണി വാങ്ങാൻ സ്ഥലം വരെ വിറ്റു. അന്ന് നിർമിച്ച 2.5 കിലോമീറ്റർ നീളമുള്ള ജർമൻ പതാക കാണാൻ ജർമൻ എംബസി ഉദ്യോഗസ്ഥർ എത്തിയിരുന്നു. 2014 ൽ ലോകകപ്പ് നേടിയ ജർമനിക്കുവേണ്ടി മൂന്നു കിലോമീറ്റർ നീളത്തിൽ പതാക നിർമിച്ചാണ് ഹുസൈൻ ആശംസ അറിയിച്ചത്.
ഇനിയിപ്പോൾ 2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനായി 22 കിലോ മീറ്റർ നീളത്തിൽ ജർമൻ പതാക നിർമിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഈ ഫുട്ബോൾ പ്രേമി.