ബെലൊ ഹൊറിസോണ്ടെ/കോർഡോബ: ലോക ഫുട്ബോളിലെ ലാറ്റിനമേരിക്കൻ വന്പന്മാരായ ബ്രസീലും അർജന്റീനയും അപരാജിത കുതിപ്പ് തുടരുന്നു. 2022 ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ 15-ാം മത്സരത്തിലും ഇരു ടീമുകളും തോൽവി അറിയാതെ കളം വിട്ടു.
ഹോം മത്സരങ്ങളിൽ ബ്രസീൽ 4-0ന് പരാഗ്വെയെയും അർജന്റീന 1-0ന് കൊളംബിയയെയും കീഴടക്കി. അർജന്റീന രാജ്യാന്തര വേദിയിൽ തോൽവി അറിയാതെ 29 മത്സരങ്ങൾ പൂർത്തിയാക്കി. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ തോൽവി അറിയാതെ മുന്നേറുന്നത് തുടർച്ചയായ 32-ാം മത്സരത്തിലാണ്. ലോകകപ്പ് യോഗ്യതാ ഹോം മത്സരത്തിൽ തോൽവി ഇല്ലാതെയുള്ള റിക്കാർഡും ബ്രസീൽ പുതുക്കി, 61 മത്സരങ്ങൾ.
ബ്രസീൽ 4-0 പരാഗ്വെ
ബെലൊ ഹൊറിസോണ്ടെയിൽ അരങ്ങേറിയ മത്സരത്തിന്റെ 93-ാം സെക്കൻഡിൽ റാഫീഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചതായിരുന്നു. എന്നാൽ, വിഎആറിലൂടെ റഫറി ഗോൾ നിരാകരിച്ചു. എന്നാൽ, 28-ാം മിനിറ്റിൽ റാഫീഞ്ഞ ബ്രസീലിനു ലീഡ് നൽകി. 62-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയുടെ 30 മീറ്റർ ദൂരെനിന്നുള്ള മിന്നും ഷോട്ടിൽ ബ്രസീലിന്റെ ലീഡ് 2-0 ആയി. 86-ാം മിനിറ്റിൽ ആന്റണിയും 88-ാം മിനിറ്റിൽ റോഡ്രിഗോയും ബ്രസീലിനുവേണ്ടി ലക്ഷ്യം കണ്ടതോടെ പരാഗ്വെയുടെ തോൽവി 4-0 ആയി.
അർജന്റീന 1-0 കൊളംബിയ
കോർഡോബയിലെ കെംപസ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ലൗതാരൊ മാർട്ടിനെസിന്റെ ഗോളിലായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു ഗോൾ പിറന്നത്.
ഇക്വഡോർ, ചിലി, ഉറുഗ്വെ
ബ്രസീലും (39 പോയിന്റ്) അർജന്റീനയും (35 പോയിന്റ്) നേരത്തേ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചതോടെ മൂന്നും നാലും സ്ഥാനങ്ങളിലൂടെ നേരിട്ട് യോഗ്യതയ്ക്കുള്ള പോരാട്ടം ശക്തമാണ്. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ഖത്തർ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരമുണ്ട്.
ഉറുഗ്വെ 4-1ന് വെനസ്വേലയെ കീഴടക്കി. ചിലി 3-2ന് ബൊളീവിയയെ കീഴടക്കി. പെറുവും ഇക്വഡോറും 1-1 സമനിലയിൽ പിരിഞ്ഞു.
ഇക്വഡോർ (25 പോയിന്റ്), ഉറുഗ്വെ (22), പെറു (21), ചിലി (19), കൊളംബിയ (17) എന്നിവയാണ് യഥാക്രമം രണ്ട് മുതൽ ഏഴ് വരെ സ്ഥാനങ്ങളിൽ.