സ്വന്തം ലേഖകന്‍
കോഴിക്കോട്: ഖത്തർ ലോകകപ്പിനു ദിവസങ്ങൾമാത്രം അവശേഷിക്കെ ആവേശം വിതറാന്‍ ഓട്ടോ ചന്ദ്രനില്ല. ഇഷ്ടതാരങ്ങളുടെ കളി കാണാന്‍ കഴിയാതെ കളിയില്ലാത്ത ലോകത്തേക്കു എന്‍.പി. ചന്ദ്രന് മടങ്ങി.
കോഴിക്കോട്ടെ ഫുട്ബോള്‍ ഗാലറികളില്‍ ആവശത്തിന്റെ തിരയിളക്കം തീര്‍ത്ത കളി ആസ്വാദകനായിരുന്നു ചന്ദ്രന്. കൊമ്പന്മീശയുമായി ഗാലറിയിലിരുന്ന് കളിക്കാരെയും സംഘാടകരെയും വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ട ഘട്ടത്തില്‍ അഭിനന്ദിക്കുകയും ചെയ്ത് കാണികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫുട്ബോള്‍ കമ്പക്കാരനായിരുന്നു ഓട്ടോ ചന്ദ്രന്.
സ്റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ആവേശത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്നത് ഇദ്ദേഹമായിരുന്നു.
കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ടിക്കറ്റെടുത്താണ് എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം എത്തിയിരുന്നതെന്ന പ്രത്യേകതയുമുണ്ട്.
സ്റ്റേഡിയം ഗ്രൗണ്ടില്‍ പണ്ടു കാലത്ത് താത്കാലിക മുള ഗാലറി കെട്ടിയാണു നാഗ്ജി അടക്കമുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്.
പിന്നീടാണു സ്ഥിരം ഗാലറി ഉയര്‍ന്നത്. അന്നെല്ലാം ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രന്. പടിഞ്ഞാറേ ഗാലറിയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. പ്രസ് ഗാലറിയോടു ചേര്‍ന്നാണ് അന്ന് ഫുട്ബോള്‍ കമന്ററിയുടെ ബോക്സ് ഉണ്ടായിരുന്നത്.
ഇതിനടുത്താണ് ഓട്ടോചന്ദ്രന്റെ ഇരിപ്പിടം. കളി നടക്കുമ്പോള്‍ കളിക്കാരെക്കുറിച്ചും അവരുടെ ശൈലിയെക്കുറിച്ചും കളിക്കാരുടെ വളര്‍ച്ചയെക്കുറിച്ചുമെല്ലാം ഇദ്ദേഹം ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരിക്കും.
കളിയുടെ ആവേശം കാഴ്ചക്കാരിലേക്കു സന്നിവേശിപ്പിച്ചുകൊണ്ടിരിക്കും. ഗോളുകള്‍ പിറക്കുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു നിന്ന് ആര്‍പ്പുവിളിക്കും.
കാണികളുടെ ഇഷ്ടത്തിനനുസരിച്ച് ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കും. കളിക്കാരെക്കുറിച്ച് കൃത്യമായ വിവരമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
എപ്പോഴും ചെറിയ ടീമിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നതെന്നു പ്രമുഖ കളിയെഴുത്തുകാരനായ നടക്കാവ് മുഹമ്മദ് കോയ പറഞ്ഞു.
ചന്ദ്രന് എത്തിയാല്‍ കളി ഹൃദയത്തിലേറ്റിയവരെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടും. പിന്നെ ഗാലറി ഇളകിമറിയുന്ന കാഴ്ചയാണ് ഉണ്ടാവുക. കളി കഴിഞ്ഞാല്‍ പിറ്റേ ദിവസം ഇറങ്ങുന്ന എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത് വായിക്കുന്ന സ്വഭാവക്കാരനായിരുന്നു ചന്ദ്രന്.
വാര്‍ത്തയില്‍ തെറ്റു പറ്റിയാല്‍ ആ പത്രത്തെയും റിപ്പോര്ട്ടെറയും പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്നയാളായിരുന്നു ചന്ദ്രനെന്നു പഴയകാല സ്പോര്‍ട്സ് ലേഖകര്‍ ഓര്‍ക്കുന്നു. നല്ല റിപ്പോര്‍ട്ട് കൊടുത്താല്‍ അഭിനന്ദിക്കാനും അദ്ദേഹം മറന്നിരുന്നില്ല.
കളിക്കാരെയും സംഘാടകരെയും പരിശീലകരെയുമെല്ലാം ചെല്ലപ്പേരുണ്ടാക്കി വിളിക്കുന്ന പ്രകൃതവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോഴിക്കോട്ടെ ഫുട്ബോള്‍ ആവേശത്തിന്റെ ഐക്കണ്‍ ആയിരുന്നു ഒരു കാലത്ത് ഓട്ടോ ചന്ദ്രന്.
ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിച്ചയാള്‍. പന്തുരുളുന്ന സ്ഥലെത്താക്കെ ആവേശം പകരാന്‍ അദ്ദേഹം പാഞ്ഞെത്തിയിരുന്നു. ഉറക്കമൊഴിച്ച് സുഹൃത്തുക്കള്ക്കൊപ്പമിരുന്നാണു ചന്ദ്രന് ലോകകപ്പുകള്‍ ആസ്വദിച്ചിരുന്നത്.
ഗാലറിയിലെ ആവേശം ടെലിവിഷനു മുന്നില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇഷ്ടതാരങ്ങള്ക്കുവേണ്ടി വാതുവയ്പും പതിവായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല അത്. ഇഷ്ട താരങ്ങള്‍ക്കൊപ്പം കളിയുടെ ആവേശം പങ്കിടുകയായിരുന്നു ലക്ഷ്യം.