ബുവാനോസ് ആരീസ്: ലോകകപ്പ് ഫുട്ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ മേഖല യോഗ്യതാ മത്സരങ്ങളില്‍ ശക്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന സ്വന്തം കളത്തില്‍ ഉറുഗ്വെയോട് എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു. ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളിനു കൊളംബിയയും തോല്‍പ്പിച്ചു.
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനു ജയമില്ലാത്ത മൂന്നാമത്തെ മത്സരമാണിത്. തോല്‍വിയോടെ ബ്രസീല്‍ ഏഴു പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്കു വീണു.
യോഗ്യതാ മത്സരങ്ങളില്‍ കഴിഞ്ഞ നാലു കളിയും ജയിച്ച അര്‍ജന്റീന ലോകകപ്പ് നേട്ടത്തിനുശേഷം നേരിട്ട ആദ്യതോല്‍വിയാണിത്. ഫിഫ ലോകകപ്പ് യോഗ്യതാ ചരിത്രത്തില്‍ അര്ജന്റീനയുടെഏറ്റവും ദൈര്‍ഘ്യമായ അപരാജിത കുതിപ്പിന് (25 കളികള്‍)ഉറുഗ്വെ വിരാമമിട്ടത്. 2017നുശേഷം ആദ്യമായാണു യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുന്നത്.
നവംബറിനുശേഷം ലയണല്‍ മെസി ആദ്യ പതിനൊന്നില്‍ ഇറങ്ങി ഗോള്‍ നേടാതെ പോകുന്ന ആദ്യ മത്സരംകൂടിയാണ്. 1960നുശേഷം ആദ്യമായാണ് ഉറുഗ്വെ ഒരു കലണ്ടര്‍ വര്‍ഷം ബ്രസീലിനെയും അര്‍ജന്റീനയെയും പരാജയപ്പെടുത്തുന്നത്. ഒക്ടോബറില്‍ ബ്രസീലിനെ ഇതോ സ്കോറിനാണു പരാജപ്പെടുത്തിയത്.
ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കെതിരേ റൊണാള്‍ഡ് അരൗജു (41’), ഡാര്വിന് നൂനസ് (87’) എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോട ഉറുഗ്വെ പത്തുപോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. അര്‍ജന്റീന 12 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു.
ബ്രസീലിനു രണ്ടാം തോൽവി
തുടക്കത്തിലേ പിന്നിലായ കൊളംബിയ തിരിച്ചടിച്ചാണു ബ്രസീലിനെ 2-1ന് തോല്പിച്ചത്. കൊളംബി യൻ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയ പിതാവിനെ മോചിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം കളത്തിലെത്തിയ ലൂയിസ് ഡയസിന് മറക്കാനാവത്ത സായാഹ്നമായിരുന്നു.
രണ്ടാം പകുതിയില്‍ ഡയസ് (75’, 79’) നാല് മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ നേടി ബ്രസീലിനെ പരാജയത്തിലേക്കു വിട്ടു. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ നാലാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. ജയത്തോടെ ഒമ്പതു പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തെത്തി.
മറ്റ് മത്സരങ്ങളില്‍ ബൊളീവിയ 2-0ന് പെറുവിനെ തോല്‍പ്പിച്ചു. വെനസ്വേല-ഇക്വഡോര്‍, ചിലി-പരാഗ്വെ മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയായി.