പഴയങ്ങാടി: വിദ്യാർഥികൾക്ക് ഫുട്ബോൾ കോച്ചിംഗ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടു കൂടിയാണ് അന്പതിലധികം രക്ഷിതാക്കൾ പരാതിയുമായി പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിയത്.
ബന്ധുര ഫുട്ബോൾ അസോസിയേഷൻ എന്ന പേരിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പ് ഒരു വർഷത്തിൽ 96 ദിവസത്തെ പരിശീലനമാണു വാഗ്ദാനം ചെയ്തെങ്കിലും ഒരുവർഷമായിട്ടും 45 ദിവസങ്ങളിൽ മാത്രമാണു പരിശീലനം നൽകിയതെന്ന് രക്ഷിതാക്കൾ പരാതിയിൽ പറയുന്നു.
126 കുട്ടികളിൽ നിന്നായി 3,600 രൂപ വീതം ഫീസായും 1,800 രൂപ സ്പോർട്സ് കിറ്റിനുമായി വാങ്ങിയെന്നാണു രക്ഷിതാക്കൾ പറയുന്നത്. 1,800 രൂപ വാങ്ങിയ സ്പോർട്സ് കിറ്റിൽ 500 രൂപയുടെ സാധനങ്ങൾ പോലും ഇല്ലെന്നും ഇവർ പരാതിപ്പെടുന്നു. കോച്ചിംഗ് ക്യാമ്പ് നടത്തുന്ന തളിപ്പറമ്പ് നടുവിൽ സ്വദേശികളായ രണ്ടുപേരെ പഴയങ്ങാടി പോലീസ് വിളിച്ചുവരുത്തി.
ഇവരുടെ മൊഴിയിൽ നിന്ന് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്താനുള്ള യാതൊരു അനുമതിയും ഇവർക്കില്ലെന്നു മനസിലായി. അതിനായുള്ള അനുമതി പത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും മനസിലാക്കിയ പോലീസ് ഇവർക്കെതിരെയുള്ള പരാതി രജിസ്റ്റർ ചെയ്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പലയിടങ്ങളിലായി സ്കൂളുകൾ കേന്ദ്രീകരിച്ച് ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തുന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായിട്ടാണ് കുട്ടികളെ അടുത്തിലയിലുള്ള സ്വകാര്യ സ്കൂളിന്റെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്തിക്കുന്നത്.
ഇതിനായി വാഹന വാടകയായി 500 മുതൽ 800 രൂപ വരെ വാങ്ങുന്നതായും രക്ഷിതാക്കൾ പറയുന്നു. ഫുട്ബോൾ പരിശീലകരല്ലാത്ത ആളുകളെ വച്ചാണ് പരിശീലനം നടത്തുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.