കൊളംബിയ, ഫുട്ബോൾ ലോകത്ത് എന്നും വേറിട്ടുനിൽക്കുന്ന സൗന്ദര്യം. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ ബ്രസീലിനും അർജന്റീനയ്ക്കുമൊപ്പം ആരാധകർ നെഞ്ചോടുചേർത്തുപിടിച്ച രാജ്യം.
ഇതിഹാസ താങ്ങൾക്ക് ജന്മം നല്കുന്നതിൽ കൊളംബിയ ഇക്കാലമത്രയും പിശുക്ക് കാട്ടിയിട്ടില്ല. എന്നാൽ, ഒരിക്കലെങ്കിലും ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽപോലും അവർക്കു കടക്കാനായിട്ടില്ല. 2014ൽ ക്വാർട്ടറിൽ എത്തിയതാണ് കൊളംബിയയുടെ ലോകകപ്പിലെ മികച്ച പ്രകടനം.
സ്വർണത്തലമുടിക്കാരനായ കാൽലോസ് വാൽഡറാമ, ഗോളടിക്കും ഗോളിയായി പേരെടുത്ത റെനെ ഹിഗ്വിറ്റ, ഭാവനാസന്പന്ന ഗോളിനുടമയായ അസ്പ്രില്ല, സെൽഫ് ഗോളടിച്ചതിനു വെടിയേറ്റുമരിച്ച ആന്ദ്രേ എസ്കോബർ…
2014ലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഹമേഷ് റോഡ്രിഗസ്, സൂപ്പർ സ്ട്രൈക്കറായ റഡമേൽ ഫൽക്കാവോ… ചരിത്രത്തിൽ താരസന്പത്തിനും വ്യത്യസ്തതയ്ക്കും കൊളംബിയ എന്നും മുൻപന്തിയിലുണ്ട്. എന്നാൽ, മത്സരവേദിയിൽ നിരാശയും ദുഃഖവുമാണ് ഈ ലാറ്റിനമേരിക്കക്കാരുടെ കൈമുതൽ!
കാൽപ്പന്തുകളിയുടെ ഈറ്റില്ലമാണ് കൊളംബിയ. ഫിഫയുടെ കണക്കുപ്രകാരം മൂന്നരലക്ഷത്തോളം കളിക്കാർ കൊളംബിയയിലുണ്ട്. അതിൽ 2,91,299പേർ രജിസ്റ്റേർഡ് കളിക്കാരാണ്. ലാറ്റിനമേരിക്കയുടെ വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ കൊച്ചുരാജ്യത്ത് 2,773 ഫുട്ബോൾ ക്ലബ്ബുകൾ ഒൗദ്യോഗികമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ലോകകപ്പിൽ കൊളംബിയയുടെ സൂപ്പർ താരമായിരുന്ന റോഡ്രിഗസ് തന്നെയാണ് ഇത്തവണയും അവരുടെ പ്രതീക്ഷയ്ക്കു തിളക്കമേകുന്നത്. ഒപ്പം ക്യാപ്റ്റൻ റഡമേൽ ഫൽക്കാവോയും കാർലോസ് ബക്കയും ജെഫേഴ്സണ് ലെർമയുമെല്ലാമുണ്ട്.
അർജന്റീനക്കാരനായ ജോസ് പെക്കർമാനാണ് 2012 മുതൽ ടീമിനെ പരിശീലിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയും ടീമിനെ ലോകകപ്പിനെത്തിച്ചിരിക്കുകയാണ് പെക്കർമാൻ. 1990കളിലാണ് കൊളംബിയ മുന്പ് തുടർച്ചയായി ലോകകപ്പ് യോഗ്യത നേടിയത്.
കൊളംബിയ
ഫിഫ റാങ്ക്: 13
ലോകകപ്പിൽ: ആറാം തവണ
ആദ്യ ലോകകപ്പ്: 1962
മികച്ച പ്രകടനം: 2014 ക്വാർട്ടർ
പരിശീലകൻ: ജോസ് പെക്കർമാൻ
സൂപ്പർ താരം: ഹമേഷ് റോഡ്രിഗസ്
ഗ്രൂപ്പ് എച്ച്: പോളണ്ട്, സെനഗൽ,
കൊളംബിയ, ജപ്പാൻ