എടത്വ: ആര്‍ച്ച്ബിഷപ് മാര്‍ കാവുകാട്ട് ട്രോഫിക്കുവേണ്ടിയും ഫാ. സക്കറിയാസ് പുന്നപ്പാടം ട്രോഫിക്കുവേണ്ടിയുമുള്ള 35-ാമത് അഖില കേരള ഇന്റര്‍ കൊ ളീജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് എടത്വ സെന്റ് അലോഷ്യസ് കോളജ് സ്റ്റേഡിയത്തില്‍ ഇന്നു തുടക്കം കുറിക്കും. കേരളത്തിലെ പ്രമുഖരായ എട്ടു കോളജ് ടീമുകള്‍ മത്സരത്തില്‍ അണിനിരക്കും.
23ന് വൈകുന്നേരം 3.30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് മൂന്നിന് തോമസ് കെ. തോമസ് എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ഇന്ദുലാല്‍ ജി, ഡോ. ബിജു ലൂക്കോസ്, ഫാ. റ്റിജോമോന്‍ പി. ഐസക് എന്നിവര്‍ പ്രസംഗിക്കും.
എടത്വ സെന്റ് അലോഷ്യസ് കോളജിലെ താരങ്ങള്‍ അണിനിരക്കുന്ന കോളജ് ടീം, യൂണിവേഴ്സിറ്റി താരങ്ങള്‍ അണിനിരക്കുന്ന റിലയന്‍സ് ഫുട്ബോള്‍ മിഡില്‍ സോണ്‍ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മല കോളജ് ടീം, അണ്ടര്‍ ട്വന്റി മെന്‍, കേരള സ്റ്റേറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച എസ്.എച്ച്. കോളജ് തേവര ടീം, എറണാകുളത്തിന്റെ ഫുട്ബോള്‍ പെരുമയുമായി എത്തുന്ന സെന്റ് പോള്‍സ് കോളജ് കളമശേരി ടീം, കോട്ടയത്തിന്റെ ഫുട്ബോള്‍ പാരമ്പര്യത്തിന്റെ പര്യായമായ ചങ്ങനാശേരി എസ്ബി കോളജ് ടീം, കൂടാതെ ബിഷപ് മൂര്‍ കോളേജ് മാവേലിക്കര, ബിഎഎം കോളജ് തുരുത്തിക്കാട്, സെന്റ് ഗിറ്റ്സ് കോളജ് പത്താമുട്ടം എന്നീ കോളജുകളിലെ ഫുട്ബോള്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ഇന്ന് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടത്വ സെന്റ് അലോഷ്യസ് കോളജും പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജും തമ്മിലും 4.45ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഷപ്പ് മൂര്‍ കോളജ് മാവേലിക്കരയും ചങ്ങനാശേരി എസ്ബി കോളജും തമ്മിലും ഏറ്റുമുട്ടും.