കൊച്ചി:അർജന്റീന കപ്പ് ഉയർത്തി സംസ്ഥാനത്ത് ആരാധകരുടെ അഴിഞ്ഞാട്ടും. എറണാകുളത്തും, തിരുവനന്തപുരത്തും കണ്ണൂരും ആരാധകരുടെ അഴിഞ്ഞാട്ടത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു.
രണ്ട് പോലീസുകാർക്ക് പരിക്ക്. എറണാകുളം കലൂരില്‍ ഫുട്ബോള്‍ ആരാധകരുടെ അതിരു കടന്ന ആഘോഷത്തിനിടെ പോലീസുകാരന് ക്രൂരമര്‍ദനം. സിപിഒ ലിബിന്രാജിനാണ് മര്‍ദനമേറ്റത്.
അഞ്ചംഗ സംഘം പോലീസുകാരനെ മര്‍ദിച്ചശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പരിക്കേറ്റ പോലീസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി 12 നാണ് സംഭവം. ഇന്നലെ പട്രോളിങ്ങിനിടെ റോഡില്‍ വാഹനം തടഞ്ഞ് ആഘോഷം നടത്തുന്ന സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരനെ ആക്രമിച്ചത്.
ലിബിന്‍രാജിനെ മര്‍ദിച്ച് താഴെയിട്ടതോടെ മറ്റൊരു പോലീസുകാരനെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. വീണ്ടും കൈയാങ്കളി തുടര്‍ന്നതോടെ കണ്ട്രോള് റൂമില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
അരുണ്‍, ശരത്, ബിബിന്‍, ജാക്സണ് എന്നിവരാണ് പിടിയിലായത്. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാളെകൂടെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ആരാധകരാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന.കണ്ണൂർ/തിരുവന്തപുരം: കണ്ണൂരിലും തിരുവനന്തപുരത്തും ഫുട്ബോള്‍ ആഘോഷത്തിനിടെ അക്രമം. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പുളിയാന്‍മൂലയില്‍ രാത്രി 12ഓടെയാണ് സംഭവം.
പരിക്കേറ്റ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിനിടെ പൊഴിയൂര്‍ എസ്ഐ എസ്. സജിക്ക് മര്‍ദനമേറ്റു. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.
സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. സജിയെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.