പാരീസ്: ഫുട്ബോൾ മത്സരങ്ങളിൽ ഹിജാബ് നിരോധിക്കാൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന് അധികാരമുണ്ടെന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഫ്രാൻസിലെ ഉന്നത കോടതി വിധിച്ചു.
നിരോധനത്തിനെതിരേ ഹിജാബ് അനുകൂലികളായ വനിത ഫുട്ബോൾ താരങ്ങൾ നൽകിയ ഹർജിയിലാണ് വിധി. ഔദ്യോഗിക മത്സരങ്ങളിലും ഫെഡറേഷൻ സംഘടിപ്പിക്കുന്ന മറ്റു മത്സരങ്ങളിലുമാണ് ശിരോവസ്ത്രത്തിനു വിലക്കുണ്ടായിരുന്നത്.
മത്സരങ്ങൾ സുഗമമായി നടത്താനും സംഘർഷങ്ങൾ ഒഴിവാക്കാനും ആവശ്യമായ വ്യവസ്ഥകൾ രൂപീകരിക്കാൻ ഫെഡറേഷന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഫെഡറേഷന്റെ നിയമാവലിയിലെ ഒന്നാം ഖണ്ഡിക അനുസരിച്ച് മതത്തോടുള്ള ബന്ധം പ്രകടിപ്പിക്കുന്ന അടയാളമോ വേഷമോ കളിക്കളത്തിൽ ധരിക്കാൻ പാടില്ല.
വരുന്നവർഷം പാരീസിൽ നടക്കാനിരിക്കുന്ന ഒളിന്പിക്സിൽ ഹിജാബ് നിരോധനം നിലവിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.