തൃശൂർ: നാൽപതു വർഷം മുന്‍പ് ഫുട്ബോൾ പരിശീലന കളരിയിൽ പങ്കെടുത്ത് കേരള ഫുട്ബോൾ ചരിത്രത്തിൽ സൂപ്പർ താരങ്ങളായവർ ഒത്തുചേരുന്നു.
1980- 83 വർഷങ്ങളിലായി പരിശീലനം നേടിയ 28 താരങ്ങളാണ് കുടുംബസമേതം സംഗമിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിലാണ് പഴയ കളിക്കാർ ഒത്തുചേരുന്നത്.
നാൽപതു വർഷം മുന്‍പ് പത്തിനും 13 നും മധ്യേ പ്രായമുള്ള 30 താരങ്ങളെയാണു തെരഞ്ഞെടുത്ത് മൂന്നു വർഷത്തെ പരിശീലനം നൽകിയത്. തൃശൂർ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
അർജുന അവാർഡ് ജേതാവും ഇന്റർനാഷണൽ താരവുമായ ഐ.എം. വിജയൻ, അന്തരിച്ച ജൂണിയർ ഇന്റർനാഷണൽ താരം സി.എ. ലിസ്റ്റണ്‍, ജൂണിയർ ഇന്ത്യൻ ടീമിന്റെ പരിശീലകൻ പ്രഫ. വി.എ. നാരായണമേനോൻ, ഇന്റർയൂണിവേഴ്സിറ്റി താരം കെ. പ്രേം, ഡോ. റിജോ മാത്യു തുടങ്ങിയവരാണ് അന്നു പരിശീലനം നേടിയത്.
അന്നു ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു ഫുട്ബോളും ബൂട്സും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കി. എല്ലാവർക്കും എല്ലാ ദിവസവും പാലും പഴവും നൽകി.
പാൽ സൊസൈറ്റി പ്രസിഡന്റായിരുന്ന മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഇടപെട്ടാണു സൗജന്യമായി പാൽ നൽകിയത്.
കുടുംബസംഗമം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ മുഖ്യപ്രഭാഷണം നടത്തും.
ഗുരുക്ക·ാരായ പ്രഫ. എം.സി. രാധാകൃഷ്ണൻ, ടി.കെ. ചാത്തുണ്ണി, ഡോ. യു.പി. ജോണി, വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, പ്രഫ. സി.പി. മാത്യു, സി.എ. സതീഷ്ബാബു എന്നിവരെ ആദരിക്കും.
പരിശീലനകാലത്ത് പാലും പഴവും വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന കുട്ടനേയും പരിശീലനത്തിനു പാലസ് ഗ്രൗണ്ടിൽ സൗകര്യങ്ങൾ നൽകിയ മാണിക്യത്തേയും അനുമോദിക്കും.
സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.എഫ്. റോബർട്ട്, തോമസ് കെ. ജോർജ്, സന്തോഷ്, രാകേഷ് രാമചന്ദ്രൻ, സി.എ. സതീഷ് ബാബു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.