ഫുട്ബോൾ ഇതിഹാസങ്ങളായ അർജന്റീനയുടെയും ഡിയേഗോ മാറഡോണയുടെയും ബ്രസീലിന്റെ പെലെയുടെയും പ്രിയപ്പെട്ട ലോകകപ്പ് മുഹൂർത്തങ്ങൾ…
1982 ജൂണ് 18
അർജന്റീന ഹംഗറിയെ 4-1നു തോൽപ്പിച്ച അന്നത്തെ മത്സരത്തിലായിരുന്നു മാറഡോണയുടെ ആദ്യ ലോകകപ്പ് ഗോൾ. ബെൽജിയത്തോട് ആദ്യമത്സരം തോറ്റ ശേഷമുള്ള ശക്തമായ തിരിച്ചുവരവ്. അമ്മ പ്രഭാത ഭക്ഷണം കിടക്കയിൽ എത്തിച്ചു തരുന്നതു പോലുള്ള ആഹ്ലാദാനുഭവം എന്നാണ് ആദ്യഗോളിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
1982 ജൂലൈ 2
അർജന്റീന ബ്രസീലിനോട് 1-3നു തോറ്റ മത്സരം. അന്ന് ബാറ്റിസ്റ്റയെ ചവിട്ടിയതിന് ചുവപ്പു കാർഡ് വാങ്ങി പുറത്തു പോയി മാറഡോണ. മത്സരത്തിൽ വ്യക്തമായ ലീഡ് നേടിയ ശേഷം ബ്രസീൽ താരങ്ങൾ പരിഹസിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.
1986 ജൂണ് 22
അർജന്റീന ഇംഗ്ലണ്ടിനെ 2-1നു തോൽപ്പിച്ച മത്സരം. നൂറ്റാണ്ടിന്റെ ഗോൾ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോൾ മാറഡോണയുടെ ബൂട്ടിൽനിന്നു പിറന്ന കളി. മധ്യവരയിൽനിന്ന് അത്രയധികം പേരെ വെട്ടിച്ച് ഒറ്റയ്ക്കു മുന്നേറി ഗോളടിക്കുക എന്നത് ഏതൊരു കുട്ടിയുടെയും സ്വപ്നമായിരിക്കും. പക്ഷേ, വിഖ്യാത ഗോളി പീറ്റർ ഷിൽറ്റനെ വല്ല ഭൂതപ്രേതാദികളോ അന്യഗൃഹജീവികളോ വന്ന് സ്ഥാനം തെറ്റിച്ചില്ലായിരുന്നെങ്കിൽ ആ ഗോൾ പിറക്കില്ലായിരുന്നു എന്നും മാറഡോണ. അങ്ങനെയൊരു ഗോൾ പിന്നെയൊരിക്കലും തനിക്കു നേടാനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
1990 ജൂലൈ 3
ഇറ്റലിയും അർജന്റീനയും 1-1 സമനിലയിൽ പിരിയുകയും, അർജന്റീന 4-3ന് ഷൂട്ടൗട്ടിൽ ജയിക്കുകയും ചെയ്ത മത്സരം. മത്സരം തങ്ങൾ ജയിക്കേണ്ടതായിരുന്നു എന്ന് ഇറ്റാലിയൻ കളിക്കാർ ആവർത്തിക്കുകയായിരുന്നു എന്ന് മാറഡോണ ഓർക്കുന്നു. യുഗോസ്ലാവ്യക്കെതിരേ താൻ പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. പക്ഷേ, ഇക്കുറി ഇറ്റാലിയൻ ഗോൾവലയ്ക്കു മുന്നിൽ സാക്ഷാൽ വാൾട്ടർ സെംഗയായിരുന്നിട്ടും തനിക്കു ലക്ഷ്യം തെറ്റിയില്ല. അതു നഷ്ടപ്പെട്ടിരുന്നെങ്കിൽ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും അർജന്റൈൻ ജനതയെയും ആകെ വഞ്ചിക്കുന്നതിനു തുല്യമാകുമായിരുന്നു – മറഡോണ പറയുന്നു.
1990 ജൂണ് 24
അർജന്റീന ബ്രസീലിനെ 1-0ത്തിനു തോൽപ്പിച്ച മത്സരം. ക്ലോഡിയോ കനീഗിയയെക്കൊണ്ട് ഗോളടിപ്പിച്ച മാന്ത്രിക സ്പർശമുള്ള അസിസ്റ്റാണ് ആ മത്സരം മറഡോണയെ സംബന്ധിച്ച് അനശ്വരമായ ഓർമയാകുന്നത്. ആ ഗോൾ കനീഗിയ ആഘോഷിച്ചില്ല, മുഷ്ടി ചുരുട്ടുക മാത്രം ചെയ്തു. “”അവനന്ന് ഗോളടിക്കുകയല്ല ചെയ്തത്, ഒരു സ്റ്റേഡിയത്തെയാകെ നിശബ്ദമാക്കുകയായിരുന്നു”- മറഡോണ പറയുന്നു. ആ മത്സരത്തിൽ യഥാർഥ മുൻതൂക്കം ബ്രസീലിനായിരുന്നു. പക്ഷേ, ജയിച്ചതു ഞങ്ങളാണ്. അവരോടുള്ള ആദരസൂചകമായാണ് അന്നത്തെ ബ്രസീലിയൻ സൂപ്പർ താരവും തന്റെ സുഹൃത്തുമായ കരേക്കയുടെ ഷർട്ടണിഞ്ഞ് താൻ സ്റ്റേഡിയം വിട്ടതെന്നും മാറഡോണ.
ബ്രസീലിന്റെ ഉദയം, പെലെയുടെയും
ഓരോ ലോകകപ്പ് വരുന്പോഴും ആരാധകർ ഓർത്തെടുക്കാറുള്ളതാണ് 1958ലെ ബ്രസീലിന്റെ ലോകകപ്പ് നേട്ടവും പെലെ എന്ന അന്നത്തെ യുവതാരത്തിന്റെ ഉദയവും. എഡ്സണ് അരാന്റസ് ദോ നാസിമെന്റോ എന്ന ദൈർഘ്യമുള്ള പേരുകാരൻ പെലെ എന്ന രണ്ടക്ഷര നാമമായി ചുരുങ്ങിയപ്പോൾ ബ്രസീലിന്റെ ചരിത്രത്തിൽ ഒരു ഫുട്ബോൾ രാജവംശത്തിന്റെ അടിത്തറ പാകുകയായിരുന്നു.
ഇന്നത്തെ താരപരിവേഷമൊന്നും ടീമിന് അവകാശപ്പെടാനില്ലാതിരുന്ന കാലമാണിത്. ആ ബ്രസീലിനെ ഇന്നത്തെ ബ്രസീലാക്കി മാറ്റിയത് 1958ൽ സംഭവിച്ച പെലെ എന്ന പത്താം നന്പറുകാരന്റെ താരോദയംതന്നെ എന്നു പറയാം. പക്ഷേ, ബ്രസീലിന്റെ കായിക പൗവർഹൗസായി വാഴ്ത്തപ്പെടുന്ന പെലെ ലോക ഫുട്ബോളിനുതന്നെ ഒരു മാതൃകയാണ്. കാരണം, ലോക ഫുട്ബോൾ പട്ടികയിൽ ആരുടെയും നാവിൻ തുന്പിൽ ആദ്യമെത്തുന്ന പേരും പെലെയുടേതുതന്നെ.
1958ലെ ലോകകപ്പ് കളിക്കുന്പോൾ പെലെയ്ക്കു പ്രായം വെറും പതിനേഴ്. ഫൈനലിൽ സ്വീഡനെ 5-2നു കീഴടക്കിയാണ് ബ്രസീൽ കന്നിക്കിരീടം നേടിയത്. രണ്ടാം പകുതിയിൽ രണ്ടു ഗോൾ പെലെയുടെ വകയായിരുന്നു.സ്വീഡനിൽ നടന്ന ലോകകപ്പിൽ അവിടത്തെ ആരാധകരോടുള്ള ആദരസൂചകമായി സ്വീഡിഷ് പതാകയേന്തിയാണ് ബ്രസീൽ താരങ്ങൾ സ്റ്റേഡിയം വലംവച്ചത്.
ടൂർണമെന്റിന്റെ അവസാനത്തിൽ പെലെയുടെ ആറ് ഗോളുകളോടെ എല്ലാം നിശ്ചയിക്കപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളിലും പെലെ പരിക്കുമൂലം മത്സരത്തിൽ പങ്കെടുത്തില്ല. എന്നാൽ, പിന്നീട് ബ്രസീൽ ഓസ്ട്രിയയെ തോൽപ്പിച്ചെങ്കിലും ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടുമായി സമനില പിടിക്കുകയും ചെയ്തു.
പിന്നെ നടന്നതോ, സോവിയറ്റ് യൂണിയനെയും പരാജയപ്പെടുത്തി ഗ്രൂപ്പിലെ ഫൈനലിൽ എത്തി. വെയ്ൽസുമായി നടന്ന ക്വാർട്ടർ ഫൈനലിൽ 66-ാം മിനിറ്റിൽ പെലെ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടി. ഒപ്പം, ബ്രസീൽ സെമിഫൈനലിന്റെ ബെർത്തും ഉറപ്പാക്കി.
തുടർന്ന് ബ്രസീലിനോട് ഫ്രാൻസിന്റെയും കാലിടറി.അതോടെ ബ്രസീൽ ലോക ഫേവറിറ്റായി വളരുകയായിരുന്നു. അതിപ്പോഴും തുടരുന്നു. ആറു ദശാബ്ദങ്ങൾക്കുശേഷം, ആ പ്രകടനത്തിന്റെ സ്വാധീനം ഇപ്പോഴും ബ്രസീലിന്റെ ഓരോ കളിക്കാരനും അനുഭവിക്കുകയാണ്, പെലെ എന്ന കറുത്ത മുത്തിന്റെ ചൈതന്യം ബ്രസീലിയൻ ടീമിൽ നിറഞ്ഞുനിൽക്കുകയാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ദേശീയ ടീം ബ്രസീൽ ആണ്. അഞ്ചു തവണ കിരീടവും, രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും നാലാം സ്ഥാനവും ഒക്കെ കരസ്ഥമാക്കിയ കാനറികൾ. അർജന്റീന, സ്പെയിൻ, ജർമനി എന്നിവയ്ക്കു പുറമേ ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീൽ (സ്വീഡൻ 1958, മെക്സിക്കോ 1970, യുഎസ് 1994, ദക്ഷിണകൊറിയ, ജപ്പാൻ 2002) കിരീടം നേടിയിട്ടുണ്ട്. 104 മത്സരങ്ങളിൽനിന്ന് 70 വിജയങ്ങൾ, 119 ഗോളുകൾ വ്യത്യാസം, 227 പോയിന്റ്, 17 തോൽവികൾ. ഇതെല്ലാം തന്നെ പെലെ എന്ന ഇതിഹാസപുരുഷന്റെ ആത്മാവിനെ തൊട്ടറിഞ്ഞ മത്സരങ്ങളും.
ജോസ് കുന്പിളുവേലിൽ