റിയോ: ബ്രസീല്‍ വനിതാ ഫുട്ബോള്‍ ഇതിഹാസമായ മാര്‍ത്ത വിരമിക്കല്‍ സൂചന നല്കി. 2023 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ കരിയറിലെ അവസാന ലോകകപ്പ് എന്ന് മുപ്പത്തേഴുകാരിയായ മാര്‍ത്ത പ്രഖ്യാപിച്ചു.
ഈ മാസം 20 മുതല്‍ ഓഗസ്റ്റ് 20വരെ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് 2023 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. മാര്‍ത്തയുടെ ആറാം ഫിഫ ലോകകപ്പാണ്.
2003ല്‍ അമേരിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പാണ് മാര്‍ത്തയുടെ കന്നി ലോകകപ്പ്. കോപ്പ അമേരിക്ക മൂന്ന് തവണ (2003, 2010, 2018) സ്വന്തമാക്കിയ മാര്‍ത്തയ്ക്ക് ഇതുവരെ ഫിഫ ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല.
2007ല്‍ ഫൈനലില്‍ എത്തിയതാണ് ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിന്റെ ഏറ്റവും മികച്ച പ്രകടനം. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്, 174 മത്സരങ്ങളില്‍നിന്ന് 115 ഗോള്‍. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും മാര്‍ത്തയാണ് (17).
നാല് തവണ ലോക ചാമ്പ്യന്മാരായ അമേരിക്കയാണ് വനിതാ ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ പ്രാവശ്യം സ്വന്തമാക്കിയത്. ജര്‍മനി രണ്ടും നോര്‍വെ, ജപ്പാന് എന്നീ ടീമുകള്‍ ഓരോ പ്രാവശ്യവും ലോകകപ്പുയര്‍ത്തി. ഒമ്പതാമത് ഫിഫ വനിതാ ലോകകപ്പാണ് ഈ മാസം നടക്കുക.