പൊട്ടിപ്പോയ ബോളിന് പകരം എങ്ങനെ മറ്റൊന്നു വാങ്ങാം. അടിയന്തിര മീറ്റിംഗ് വിളിച്ചു കൂട്ടി കുട്ടിപ്പട്ടാളങ്ങൾ. ഫുട്ബോൾ വാങ്ങുവാൻ മീറ്റിംഗ് കൂടുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡയയും. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് ഏറെ രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സുശാന്തിന്റെ വീടിന് അടുത്തുള്ള സ്ഥലത്ത് കുറച്ച് കുട്ടികൾ ഫുട്ബോൾ വാങ്ങുന്നതിനുള്ള പണം സംഘടിപ്പിക്കുവാനാണ് ഈ മീറ്റിംഗ് കൂടിയത്. തെങ്ങിന്റെ മടലിൽ കമ്പു വച്ച് കെട്ടി മൈക്ക് നിർമിച്ചാണ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ബാക്കിയുള്ളവരുടെയൊക്ക പ്രസംഗം.
മിഠായി വാങ്ങുന്ന പണം സൂക്ഷിച്ച് ആഴ്ചയിൽ പത്തു രൂപ സ്വരൂപിക്കുവാനാണ് കമ്മിറ്റിയുടെ തീരുമാനം. സംഘത്തിലുള്ള മികച്ച കളിക്കാരനെ പ്ലാസ്റ്റിക് കൂടുകൊണ്ട് പൊന്നാട അണിച്ച് അഭിനന്ദിക്കുവാനും ഇവർ മറന്നില്ല. സംസാരിക്കുവാൻ ബുദ്ധിമുട്ടുള്ള കുട്ടി പ്രസംഗിക്കുവാൻ വരുമ്പോൾ അവന് സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട്, ആരും കളിയാക്കരുതെന്ന് പ്രസിഡന്റും സെക്രട്ടറിയും ബാക്കിയുള്ളവർക്ക് നിർദ്ദേശവും നൽകുന്നു.
ഹൃദയം കവരുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കുട്ടികളെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.