ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള് കളിക്കാരായ ലയണല് മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്ഡോയുമെല്ലാം മാറി നില്ക്കുന്ന ഒരു ഫുട്ബോള് താരം ഇപ്പോള് പിറവിയെടുത്തിരിക്കുകയാണ്. മറ്റെങ്ങുമല്ല നമ്മുടെ ഗോവയിലെ ചെളിപിടിച്ച ഒരു മൈതാനത്ത്. മറ്റാരുമല്ല, അതൊരു പശുവാണ്. ഈ പശുവിനോടൊപ്പം കളിക്കാന് ചെന്നാല് കളി പഠിക്കും.
സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു കൂട്ടം ആണ്കുട്ടികള് മൈതാനത്ത് ഫുട്ബോള് കളിക്കുന്നത് കാണാം. ഇതിനിടയിലേക്ക് കയറിവന്ന പശു ആ ഫുട്ബോളിന് മുകളില് സര്വ്വാധിപത്യം സ്ഥാപിച്ച് നില്ക്കുന്നതാണ് വീഡിയോയിലുള്ളത്.
പിന്നീട് കാണുന്നത് ആണ്കുട്ടികളില് ഒരാള് ആ ഫുട്ബോള് കൈക്കലാക്കാന് നോക്കുന്നതാണ്. പശുവിന്റെ പുറകിലൂടെ പോയി പന്തെടുക്കാന് ശ്രമിക്കുമ്പോള് പശു തിരിഞ്ഞ് പന്തിനെ സംരക്ഷിക്കുകയും ആണ്കുട്ടിയെ എതിര്ക്കാന് ശ്രമിക്കുകയും ചെയ്യുന്നു. കളിക്കളത്തിലെ കളിക്കാരെ ആ പശു വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നത് കാണാം. ഒരു ഫുട്ബോള് കളിക്കാരന്റെ ശ്രദ്ധയോടെയും അധികാരത്തോടെയും തന്റെ കുളമ്പ് പന്തിന് മുകളില് വയ്ക്കുന്നു.
ആണ്കുട്ടികള് പശുവിന്റെ പക്കല്നിന്നും പന്തെടുക്കാനുള്ള ശ്രമങ്ങള് തുടരുന്നുണ്ട്. പക്ഷെ പശു ഒന്നര മിനിറ്റ് പന്ത് കൈവശം വയ്ക്കുന്നു. ഒടുവില് ഒരു ആണ്കുട്ടി പശുവിന്റെ ശ്രദ്ധ തിരിക്കുന്ന തക്കം നോക്കി മറ്റൊരാള് പന്തെടുത്ത് ഓടുന്നു. എന്നാല് പശു ഇയാള്ക്ക് പുറകെ ഓടുന്നു. പിന്നീട് ആണ്കുട്ടികള് പരസ്പരം ഫുട്ബോള് പാസ് ചെയ്യുന്നതിന് അനുസരിച്ച് പശു ഓടിക്കൊണ്ടിരിക്കുന്നത് കാണാം.
ക്രിക്കറ്റ് കമന്റേറ്റര് ഹര്ഷ ഭോഗ്ലേ ഈ വീഡിയോ ട്വിറ്ററില് പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങള് ഇന്നു കാണുന്ന ഏറ്റവും തമാശ നിറഞ്ഞ കാര്യം,’ എന്നാണ് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഭാവിയില് മൃഗങ്ങളുടെ ഫുട്ബോള് മത്സരം നടത്തേണ്ടി വരുമോയെന്നാണ് ചിന്തിക്കേണ്ടത്.
This is the funniest thing you will see today! pic.twitter.com/Kfz08Dka3Z
— Harsha Bhogle (@bhogleharsha) July 1, 2019