ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: സാംബാ സാംബാ ഒ ലാംബാഡാ റേ… തൃശൂർ കണ്ട ഏറ്റവും വലിയ ബ്രസീൽ ആരാധകന്റെ ലോകകപ്പ് ആവേശം വാനോളം. സിരയിൽ ലോകകപ്പ് ഫുട്ബോൾ ലഹരിയും ഞരന്പുകളിൽ ബ്രസീലിയൻ ചോരത്തിളപ്പുമായി സാംബാ സാലി തൃശൂരിൽ തിമർക്കുകയാണ്.
ജഴ്സിയണിഞ്ഞ് ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച സ്കൂട്ടറിൽ നെയ്മറിന്റെ പ്രതിമയും തോരണങ്ങളുമായി ജില്ല മുഴുവൻ കറങ്ങിയാണ് സാംബാ സാലി ആവേശം വിതറുന്നത്.
പോകുന്ന വഴികളിൽ ഹോണടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയാണ് ജൈത്രയാത്ര. തിരക്കേറിയ കവലകളിൽ നിർത്തി ബ്രസീലിയൻ വിസിൽ മുഴക്കും.
കുട്ടികൾക്കും ഫുട്ബോൾ പ്രേമികൾക്കും മഞ്ഞയും പച്ചയും നിറത്തിലുള്ള ബലൂണുകളും നല്കും. ബ്രസീലിന്റെ കളിയുടെ ദിവസവും സമയവും രേഖപ്പെടുത്തിയ ബോർഡും പ്രതിമയ്ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
കാണുന്നവരോടെല്ലാം പറയാനുള്ളത് ഫുട്ബോൾ വിശേഷങ്ങളും ബ്രസീൽ ആരാധനയും മാത്രം. ചെല്ലുന്നിടത്തെല്ലാം വൻ സ്വീകരണമാണ് ഫുട്ബോൾ പ്രേമികൾ നല്കുന്നത്. ഒരു സെൽഫിയും മസ്റ്റാണ്.
കിണർ ജോലിചെയ്തു കിട്ടുന്ന വരുമാനത്തിൽനിന്ന് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത്. ദിവസവും ആയിരം രൂപയ്ക്കു കറങ്ങും. വാഹനത്തിലെ ബ്രസീലിയൻ അലങ്കാരപ്പണികൾ ഫുട്ബോൾ ആവേശമായി അധികൃതരും കരുതുന്നു.
സാംബാ സാലിയുടെ ആവേശം കണ്ട് ഫ്രൈഡ് ചിക്കൻ ബിസിനസ് നടത്തുന്ന മകൻ അയൂബ് ഫോറെക്സ് ഷീറ്റിലുണ്ടാക്കിയ വലിയൊരു ഫുട്ബോൾ സമ്മാനമായി നല്കിയിട്ടുണ്ട്.
മുൻ ലോകകപ്പ് സമയത്തും പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. ഒരു തവണ കുതിരവണ്ടിയിലായിരുന്നു ഫുട്ബോൾ കറക്കം.
ലോകകപ്പ് കാലം കഴിഞ്ഞാലും സാലി ബ്രസീലിനെ കൈവെടിയാറില്ല. കോവിഡ് കാലത്ത് പച്ചയും മഞ്ഞയും കലർന്ന ആറായിരം മാസ്കുകൾ വിതരണം ചെയ്തു.
കിണറ്റിൽ മൃഗങ്ങൾ വീണാൽ വീടുകളിലെത്തി സഹായിക്കാനും സാംബാ സാലി തയാറാണ്. അവിടെയും കുട്ടികൾക്കെല്ലാം ബലൂണിൽ രൂപങ്ങളുണ്ടാക്കി സമ്മാനിക്കും.
വടൂക്കര എസ്എൻ നഗറിലാണ് പുഴങ്കര ഇല്ലത്ത് സാലി കുടുംബത്തോടൊപ്പം താമസിക്കുന്നത്. ആരിഫയാണു ഭാര്യ. മൂത്തമകൻ അനീഷിനു ഫ്ലക്സ് ബോർഡ് നിർമാണമാണ്. മകൾ സിംല വിവാഹിതയാണ്.