തൃശൂർ: ഒറ്റക്കാലിൽ സ്ക്രച്ചസിന്റെ സഹായത്തോടെ ഗ്രൗണ്ടിൽ പറന്നുനടന്നു പന്തടിച്ച ഇന്ത്യൻ താരം ആലപ്പുഴക്കാരൻ ഭാഷയ്ക്ക് ആരവങ്ങളുടെ പിന്തുണ. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശാരീരിക ഭിന്നശേഷിയുള്ളവരുടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസിലാണ് ഇന്ത്യൻ താരം ഭാഷ കളിക്കാനിറങ്ങിയത്.
സെവൻസ് ഫുട്ബോൾ മൽസരങ്ങളിൽ മാറ്റുരച്ച് ടീമിൽ ഇടം നേടാൻ 23 താരങ്ങളാണ് എത്തിയത്. ഒരു കാലില്ലാതെയും ഒരു കൈയില്ലാതേയും ഫുട്ബോൾ ഗ്രൗണ്ടിൽ അവർ ഓടിക്കളിച്ചു വിസ്മയം തീർത്തു. അംഗപരിമിതികൾ പരിമിതികളേയല്ലെന്ന് അവർ തെളിയിച്ചു.
ഉച്ചവരെ നടക്കുന്ന മൽസരങ്ങളിൽനിന്നാണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുകയെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് എ.എം. കിഷോ അറിയിച്ചു. ഫെബ്രുവരി 21 മുതൽ മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ മൽസരത്തിൽ പങ്കെടുക്കാനുള്ള ടീമിനെയാണു തൃശൂരിൽ തെരഞ്ഞെടുത്തത്. അംപ്യൂറ്റി, വണ്‍ ഷോർട്ട് ലെഗ്, ഹാൻഡ് എന്നീ ഭിന്നശേഷിയുള്ളവരാണു പങ്കെടുത്തത്.