ലോകം മുഴുവന്‍ ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിയിരിക്കുകയാണ്. കൊച്ചു കേരളത്തിലും ആവേശത്തിന് തെല്ലും കുറവില്ല. കുഗ്രാമങ്ങളിലായാലും മെട്രോ സിറ്റികളിലായാലും വഴിയിലേയ്ക്കിറങ്ങുമ്പോള് തന്നെ ആ ആവേശം തിരിച്ചറിയാനാവും. ഫ്ളക്സുകളും തോരണങ്ങളും കട്ടൗട്ടുകളുമെല്ലാമായി ഫുട്ബോള്‍ ആവേശം തുളുമ്പി നില്ക്കുന്നു.
ആളുകളുടെ ഈ ഫുട്ബോള്‍ ആവേശം ചിലപ്പോഴെങ്കിലും അറിഞ്ഞും അറിയാതെയുമുള്ള അപകടങ്ങള്‍ക്കും കാരണമാവാറുണ്ട്. പ്രത്യേകിച്ച് വാഹനാപകടങ്ങള്‍. ആവേശവും ഫുട്ബോള്‍ ജ്വരവും അതിരുവിടുമ്പോഴാണ് അപകടങ്ങളില്‍ പലതും സംഭവിക്കുന്നത്. ലോകകപ്പ് കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യാന്‍ കേരളാ പോലീസ് ഒരു വഴിയും കണ്ടെത്തി.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന് പറഞ്ഞതുപോലെ ഫുട്ബോള്‍ ജ്വരം ബാധിച്ചിരിക്കുന്ന യുവാക്കളെ അതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഫുട്ബോളിന്റെ തന്നെ തീം ഉപയോഗിച്ച് യുവാക്കളുടെ മറ്റൊരു ഹരമായ ട്രോള്‍ ഇറക്കിയിരിക്കുകയാണ് കേരളാ പോലീസ്.
ഫുട്ബോളിനെക്കുറിച്ച് സംസാരിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന വ്യക്തി എതിരെ വരുന്ന ലോറി ശ്രദ്ധിക്കാതിരിക്കുകയും അപകടത്തില്‍ പെട്ട് ആശുപത്രിയിലാകുന്നതുമാണ് ട്രോളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് കേരളാ പോലീസിന്റെ ട്രോളിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.