മോണ്ടെവിഡിയോ: ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്ന് ഉറുഗ്വെ. ബൊളീവിയയെ ഏകപക്ഷീയമായ മൂന്നു ഗോളിന് ഉറുഗ്വെ പരാജയപ്പെടുത്തി. ഇരട്ടഗോൾ നേടിയ ഡാർവിൻ നൂനസാണ് ഉറുഗ്വെയുടെ വിജയശില്പി.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ നൂനസിലൂടെ ഉറുഗ്വെ ലീഡ് നേടി. ഫകുണ്ടോ പെല്ലിസ്ട്രിയുടെ പാസ് അനായാസം വലയിലെത്തിച്ചായിരുന്നു നൂനസിന്റെ ഗോൾനേട്ടം.
39-ാം മിനിറ്റിൽ ഉറുഗ്വെയുടെ കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെ ബൊളീവിയ സെൽഫ് ഗോൾ വഴങ്ങി. 71 ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ നൂനസ് വീണ്ടും ലക്ഷ്യംകണ്ടപ്പോൾ ബൊളീവിയയുടെ പതനം പൂർണം.
കഴിഞ്ഞ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളിനു തകർത്ത ഉറുഗ്വെ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ട് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ഇക്വഡോർ ചിലിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. പെറു-വെനസ്വേല മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.