അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അമ്പലപ്പുഴയിൽ നടപ്പാതകളിലും ഡിവൈഡറുകളിലുമാണ് സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വച്ചിരിക്കുന്നത്.
അമ്പലപ്പുഴ-തിരുവല്ല റോഡിന് ഇരുവശത്തുമുള്ള നടപ്പാതകളിലും ജംഗ്ഷന് തെക്ക് ഭാഗത്തുള്ള ഡിവൈഡറിലുമാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതുമൂലം കാൽ നടയാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കണ്ടിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് തടസമാകുന്ന തരത്തിൽ നടപ്പാതയിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് അധികൃതരുടെ ഒത്താശയോടെ സ്ഥാപനമുടമകൾ ഇത് സ്ഥാപിച്ചിരിക്കുന്നത്.