ആലപ്പുഴ: കാൽനടയാത്രക്കാർക്ക് സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്തുന്നതിനായി നിർമിച്ച ഫുട്പാത്തുകളിൽ അനധികൃത വാഹനപാർക്കിംഗും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാർ വലയുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്പാത്തുകളിൽഇരുചക്രവാഹനമടക്കമുള്ളവ യാത്രക്കാരുടെ സഞ്ചാരം തടസപ്പെടുത്തുന്ന നിലയിലാണ് പാർക്ക് ചെയ്യുന്നത്.
തിരക്കേറിയ ഇടങ്ങളിൽപോലും ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത് പരിശോധിച്ച് നടപടിയെടുക്കേണ്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതോടൊപ്പം കാൽനടയാത്ര തടസപ്പെടുത്തുന്ന തരത്തിൽ ഫുട്പാത്തിനോടു ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും ഫ്രെയിമോടുകൂടിയ വലിയ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാർ നിലവിൽ റോഡിലിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളെക്സ് ബോർഡുകളടക്കം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും ഇത് നടപ്പാക്കാൻ വേണ്ട നടപടികൾ നഗരസഭ സ്വീകരിക്കാത്തതാണ് കാൽനടയാത്രക്കാർക്ക് ഫുട്പാത്തുകൾ അന്യമാകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.