ആലപ്പുഴ: ജില്ലയിൽ ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ അനധികൃത കച്ചവടം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കച്ചവടക്കാർക്കെതിരെ കർശന നടപടി എടുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം.
ഇങ്ങനെ റോഡുവക്കിലും മറ്റും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നില്ക്കുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നതും പതിവായിട്ടുണ്ട്.
സന്പർക്കത്തിലൂടെ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നത് കണക്കിലെടുത്ത് ജില്ലയിൽ കർശന നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.
കൂടാതെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനായി പിഡബ്ല്യുഡി, ജില്ല ഭരണകൂടം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ജില്ല പോലീസും പൊതുമരാമത്ത് വകുപ്പും ചേർന്ന് റോഡ് അരികുകളിൽ അനധികൃത കച്ചവടം നടത്തുന്നവർക്ക് എതിരെ കർശന നടപടികൾ ആരംഭിക്കും.
10ാം തീയതിയ്ക്ക് മുൻപായി പാതയോരങ്ങളിൽ അനധികൃതമായ് കച്ചവടം നടത്തുന്നവർ അത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
പാതയോരങ്ങളിലെ അനധികൃത കച്ചവടം പൊതുജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നതായി രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഭക്ഷണ സാധനങ്ങൾ തുടങ്ങി കോവിഡ്പ്രതിരോധത്തിന് മുഖം മറക്കാനുള്ള മാസ്ക് വരെ റോഡരികിൽ വിൽക്കുന്നുണ്ട്.
കട വാടകയോ വൈദ്യുതി ചാർജോ മറ്റ് അനുബന്ധ ചെലവുകളോ ഇല്ലാതെ നടത്തുന്ന വഴിവാണിഭത്തിൽ വിലയുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. നിമിഷം പ്രതി വില കൂടിയും കുറഞ്ഞുമിരിക്കും. വിലകുറച്ചു വിൽക്കുന്നവയിൽ നല്ലൊരു പങ്ക് മോശമായവയാണെന്നും പരാതിയുണ്ട്.