ഹരിപ്പാട്: വൈദ്യുതിത്തൂണും സംരക്ഷണ കമ്പിയും മാറ്റാതെ നടപ്പാത നിർമാണം. കാർത്തികപ്പള്ളി ജംഗ്ഷനിലെ രണ്ടു കോടി രൂപയുടെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി നടത്തുന്ന നടപ്പാത നിർമാണത്തിലാണ് അപാകത.
നിർമാണം പൂർത്തിയായി വരുമ്പോഴേക്കും തൂണും മറ്റൊരു തൂണിന്റെ സംരക്ഷണ കമ്പിയും നടപ്പാതയുടെ മധ്യത്തിലായി. ജംഗ്ഷന് കിഴക്കുവശം കാർത്തികപ്പളളി യുപി സ്കൂളിനോടും ഐഎച്ച്ആർഡി കോളജിനോടും ചേർന്നുള്ള നടപ്പാതയിലാണ് തൂണ് മാർഗതടസമായി നിൽക്കുന്നത്.
ജംഗ്ഷനിൽനിന്ന് തെക്കോട്ടു തിരിയുന്ന റോഡിനു സമീപമുളള വൈദ്യുതിത്തൂണിന്റെ സംരക്ഷണത്തിനായി ഭൂമിയിലേക്ക് വലിച്ചുകെട്ടിയിട്ടുള്ള കമ്പിയാണ് ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു തടസം.
കാൽനടക്കാർക്ക് കഷ്ടിച്ചു തൂണുള്ള ഭാഗത്തുകൂടി കടന്നുപോകാമെങ്കിലും ചക്രക്കസേരയിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്കും ചെറിയ ഉന്തുവണ്ടിക്കാർക്കും മറ്റും തൂണും കമ്പിയും തടസമാണ്.
ഇതേ നടപ്പാതയിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ തൂണുകൾ അല്പം കൂടി ഭിത്തിയുടെ അരികിലേക്കു മാറ്റാൻ കഴിയുമായിരുന്നെങ്കിലും അതും ചെയ്തിട്ടില്ല.