കോട്ടയം: നഗരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വഴിയോര കച്ചവടക്കാർക്കെതിരേ പോലീസ് നടപടി ആരംഭിച്ചു. ഒരു ലൈസൻസിന്റെ പേരിൽ രണ്ടും മൂന്നും തട്ടുകടകൾ പ്രവർത്തിക്കുന്നതായി ഇന്നലെ പരിശോധനയിൽ വ്യക്തമായി. ഇത്തരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ നീക്കം ചെയ്യാൻ നിർദേശം നല്കി.
ലൈസൻസികൾ കടകൾ മറിച്ചു വിൽപന നടത്തുന്ന ഏർപ്പാടും നിലവിലുണ്ട്. ഇതും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ലൈസൻസുള്ളയാൾക്കേ തട്ടുകട നടത്താൻ അനുവദിക്കു. അല്ലാത്തവരെ നീക്കം ചെയ്യുമെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന.
ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ ലൈസൻസില്ലാതെ പ്രവർത്തിച്ച കടകളെല്ലാം ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുനക്കരയിലെ കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘത്തിനു വഴിയോര കച്ചവടക്കാരിൽ ചിലരിൽ നിന്നും സഹായം ലഭിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണു നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
ഇന്നലെ വൈകുന്നേരമാണു പോലീസ് സംഘം പരിശോധന ആരംഭിച്ചത്. 30ൽപരം കടകളിൽ പരിശോധന നടത്തി. ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങൾ തന്പടിക്കുന്ന നഗരത്തിലെ ചില ലോഡ്ജുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തി. സംശയാസ്പദമായ സാഹചര്യത്തിൽ എത്തുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ 10 ലോഡ്ജുകളിലാണു പോലീസ് പരിശോധന നടത്തിയത്.