കോട്ടയം: നഗരസഭ തെരുവു കച്ചവടക്കാരുടെ വിവരശേഖരണം ആരംഭിച്ചു. തെരുവുകച്ചവടക്കാരുടെ ആദ്യഘട്ട സർവേ പൂർത്തീകരിച്ച് നാലു വർഷം കഴിഞ്ഞ സാഹചര്യത്തിലും തെരുവു കച്ചവടക്കാരുടെ എണ്ണം വർധിച്ചതിനാലുമാണ് ഒരിക്കൽ കൂടി സർവേ നടത്താൻ നഗരസഭ തീരുമാനിച്ചത്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഒട്ടേറെപേർ പുതിയതായി തെരുവു കച്ചവടത്തിലേക്ക് എത്തപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സർവേ നടത്തണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിൽനിന്നും നഗരസഭയ്ക്ക് നിർദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്.
സർവേയുടെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥർ ഓരോ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തി നിലവിൽ കച്ചവടം ചെയ്യുന്നവരെ നേരിൽ കണ്ടാണ് വിവരം ശേഖരിക്കുന്നത്. നിലവിൽ നഗരസഭയിൽനിന്നും തിരിച്ചറിയിൽ കാർഡ് ലഭിച്ചിട്ടുള്ളവർ ഈ കാർഡ് കൈവശം കരുതുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ കാണിക്കുകയും ചെയ്യണം.
കാർഡ് ലഭിച്ചിട്ടില്ലാത്തവർ ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്, ബാങ്ക് കാർഡ്, പാസ് ബുക്ക് എന്നിവ കൈവശം കരുതേണ്ടതാണ്.സർവേ നടപടികൾ 16നു പൂർത്തീകരിക്കും. നഗരസഭയിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ എൻയുഎൽഎം ആണ് സർവേക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.
നിയമങ്ങൾ പാലിച്ചു തെരുവുകച്ചവടം നടത്തുന്നവർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യനും സെക്രട്ടറി എസ്. ബിജുവും പറഞ്ഞു.