കോട്ടയം: നഗരത്തിലെ അനധികൃത കച്ചവടക്കാരെ നീക്കാൻ ജില്ലാ കളക്ടർ നിർദേശം നല്കി. ഈയാഴ്ച തന്നെ പൊതുമരാമത്ത് വകുപ്പും പോലീസും ചേർന്ന് പണി തുടങ്ങും. റോഡുകളും നടപ്പാതകളും കയ്യേറിയവർക്കെതിരെ കർശന നടപടികൾ തുടരുമെന്നാണ് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു വ്യക്തമാക്കിയത്. കോട്ടയം നഗരത്തിലെയും എം.സി റോഡിലെയും താത്ക്കാലിക തട്ടുകടകൾ അടക്കമുള്ള കയ്യേറ്റങ്ങൾ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയപരിധി അനുവദിച്ച് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
റോഡ് സുരക്ഷാ കർമ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് മണർകാട് ബൈപാസിലെയും മെഡിക്കൽ കോളജ് പരിസരത്തെയും കടകൾ നീക്കം ചെയ്തത്. റോഡുകൾ വാഹന ഗതാഗതത്തിനും നടപ്പാതകൾ കാൽനട യാത്രക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം.
നാഗന്പടം പാലത്തിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. റോഡുകളുടെ വശങ്ങളിൽ സൈൻ ബോർഡുകൾ മറയ്ക്കുന്ന കാട് വെട്ടിത്തെളിക്കാനും ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസമാകുന്ന പരസ്യ ബോർഡുകളും മരച്ചില്ലകളും നീക്കം ചെയ്യാനും കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനും പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തി.
ഓഗസ്റ്റ് ഒന്നു മുതൽ 31 വരെ നടപ്പാക്കുന്ന റോഡ് സുരക്ഷാ കർമ പദ്ധതിയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ ഉൗർജിതമാക്കും. സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, അനധികൃത പാർക്കിംഗ്, സ്കൂൾ പരിസരത്തെ അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, സ്കൂൾ ബസുകളിൽ അമിത ഭാരം കയറ്റുന്നത്, വാഹനം ഓടിക്കുന്പോൾ ഫോണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.
ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ യാത്ര ചെയ്യുന്നയാളും ഹെൽമെറ്റ് ധരിക്കേണ്ടതു സംബന്ധിച്ച് ബോധവത്കരണം നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് തുടരണമെന്നും കളക്ടർ നിർദേശിച്ചു.
തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് ഫുട്പാത്ത് മർച്ചന്റ് യൂണിയൻ
കോട്ടയം: ബദൽ സംവിധാനം ഏർപ്പെടുത്താതെ തെരുവ് കച്ചവടക്കാരെ ഒഴിവാക്കി പട്ടിണിക്കിടാനുള്ള അധികാരികളുടെ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന്കോട്ടയം ജില്ലാ ഫുട്പാത്ത് മർച്ചന്റ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി യോഗം കളക്ടറോട് ആവശ്യപ്പെട്ടു. രണ്ടാം യുപിഎ ഭരണ കാലത്ത് തെരുവ് കച്ചവടക്കാർക്കായി നിയമം ഉണ്ടാക്കിയിരുന്നു.
ബദൽ സംവിധാനം ഏർപ്പെടുത്താതെ ഒഴിപ്പിക്കരുതെന്ന് സൂപ്രീം കോടതി വിധിയുണ്ടായിട്ടും തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. വഴിയോര കച്ചവടക്കാർക്ക് ബങ്ക് നിർമിച്ചു നല്കുന്നതിനായി കേന്ദ്ര സർക്കാർ കോടികൾ നഗരസഭകൾക്ക് നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ.എ.മുഹമ്മദ് ബഷീർ, പി.ദാസ്, പി.എച്ച്.അഷറഫ്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ജോസ്കുട്ടി നടയ്ക്കൽ, എൻ.എസ്.സലാം, തോമസ്കുട്ടി പുളിക്കപ്പള്ളി, ഷാജി കെ.ഇ., ടി.ജനാർദനൻ എന്നിവർ പ്രസംഗിച്ചു.