തലയോലപ്പറന്പ്: കോട്ടയം -എറണാകുളം റോഡിൽ തലയോലപറന്പ് പള്ളിക്കവല മുതൽ കാർണിവൽ തിയേറ്റർ വരെയുള്ള ഭാഗത്തെ വഴിവാണിഭം ഗതാഗത കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നതായി പരാതി.
ഗതാഗത തിരക്കേറിയ പ്രധാന നിരത്തിന്റെ ഓരത്ത് ഇതിനകം പത്തോളം കടകളാണു ഉയർന്നിട്ടുള്ളത്. ദിവസേന പുതിയ കടകൾ ഉയർന്നു വരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
കടകൾക്ക് പുറമെ ഈ ഭാഗത്ത് അനധികൃത വാഹന പാർക്കിംഗും വർധിച്ചുവരികയാണ്. എറണാകുളം, തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്കു നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ അപകടങ്ങളും പതിവാകുകയാണ്.
ഇന്ന് തിയേറ്ററുകൾ തുറക്കുന്നതോടെ ഈ റൂട്ടിൽ ഗതാഗത തിരക്കു വർധിക്കും. തിയേറ്ററിൽ വരുന്നവരിൽ കുറെയാൾക്കാരും വാഹനങ്ങൾ പാതയോരങ്ങളിലാണ് പാർക്കു ചെയ്യുന്നത്.
കാർണിവൽ തിയേറ്ററിനും പള്ളിക്കവലയ്ക്കുമിടയിൽ ഉണ്ടായ വാഹന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. തിയേറ്ററിൽ നിന്നു സിനിമ കഴിഞ്ഞു വാഹനത്തിൽ പുറത്തേക്കിറങ്ങിയവർ തന്നെ വാഹന അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്കു മുന്പ് പുലർച്ചെ പോലിസ് ജീപ്പ് പെട്ടിക്കടയിലേക്കു ഇടിച്ചു കയറി വാഹനത്തിനു തകരാറു സംഭവിച്ചിരുന്നു.
കോവിഡിനെ തുടർന്ന് തൊഴിൽ മേഖലയിലുണ്ടായ സ്തംഭനമാണ് വഴിയോരത്തെത്തി വിവിധ കച്ചവടങ്ങളിലേർപ്പെടാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
ഗതാഗത തടസമൊഴിവാക്കാൻ വഴിവാണിഭക്കാരെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.