കോട്ടയം: വഴിയോര വാണിഭക്കാർ കോട്ടയം നഗരത്തിൽ അരങ്ങുവാഴുന്ന കാഴ്ചകളാണ് ഞായറാഴ്ചയിൽ കാണാനാവുക. വസ്ത്രങ്ങൾ, മൊബൈൽ-ലാപ്ടോപ് സാമഗ്രികൾ, ഇലക്ട്രിക് ഉല്പന്നങ്ങൾ, ദൈനംദിന ഉപയോഗ സാധനങ്ങൾ മുതലായവ സുലഭമായി വഴിയോരങ്ങളിൽ കിട്ടുന്നു. മുന്പ് ചെറു വിഭാഗങ്ങളായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നിരുന്ന കച്ചവടം ഇപ്പോൾ ലക്ഷങ്ങളുടെ ബിസിനസായി മാറിയിരിക്കുകയാണ്.
വഴിയോര കച്ചവടം മാത്രം ലക്ഷ്യംവച്ച് ഞായറാഴ്ചകളിലാണ് ഈ വിപണി സജീവമാകുന്നത്. മറ്റു ദിവസങ്ങളിൽ തുറക്കുന്ന പലകടകളും ഞായറാഴ്ചകളിൽ അടച്ചിടാറാണു പതിവ്. ഈ കടകളുടെ മുൻവശങ്ങളിലും നടപ്പാതകളിലുമാണു വഴിയോരക്കച്ചടക്കാർ ഇടം പിടിക്കുന്നത്. നിലവാരമില്ലാത്തതും മുൻനിര ബ്രാൻഡ് കന്പനികളുടെ വ്യാജ ഉല്പന്നങ്ങളുമാണ് ഇവിടെ ലഭിക്കുന്നത്.
പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഈ കച്ചവടക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഞായറാഴ്ചകളിലാണ് നഗരത്തിൽ ഷോപ്പിംഗിന് ഇറങ്ങുന്നത്. ഇവരെ ലക്ഷ്യംവച്ചാണ് ആദ്യഘട്ടങ്ങളിൽ ഉല്പന്നങ്ങൾ ഇറക്കിയതെങ്കിൽ ഇപ്പോൾ മലയാളികളും വൻ തോതിൽ ഉപഭോക്താക്കളായി മാറിയിരിക്കുന്നു.
ഇവരുടെ കച്ചവടം പൊടിപൊടിച്ചതോടെ വ്യാപാരികൾ സഹികെട്ട് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. മുന്പ് നിരത്തിന് ഇരുവശത്തുമായി ചെറിയ തോതിൽ ആരംഭിച്ച വഴിയോര വിപണിയിൽ ഇപ്പോൾ ശന്പളത്തിന് ആളെ നിർത്തിവരെ കച്ചവടം തകൃതിയായി നടക്കുകയാണ്.
കുട്ടി നേതാക്കൾക്ക് പണം നൽകിയും മറ്റു പിന്തുണയും നേടിയാണ് ഇവരുടെ കച്ചവടം പൊടിപൊടിക്കുന്നത്. ഭീമമായ വാടകയും കറണ്ട് ചാർജും ജിഎസ്ടിയും അടച്ചു കട തുറന്നിരിക്കുന്ന ചെറുകിട വ്യാപാരികൾ വലിയ നഷ്ടമാണ് ഇപ്പോൾ നേരിടുന്നത്. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്നതിനു പുറമേ തൊട്ടടുത്ത കട ചൂണ്ടിക്കാട്ടിയാണ് ഇവർ ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നതെന്നും വ്യാപാരികൾ ആരോപിക്കുന്നു.
മൊബൈൽ ആൻഡ് റീ ചാർജിംഗ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജുവിന്റെയും ജില്ലാ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിലിന്റെയും നേതൃതത്തിലാണ് ടൗണിൽ പ്രതിഷേധം നടത്തിയത്. ചെറുകിട വ്യാപരമേഖലയെ തകർക്കുന്ന ഈ അനധികൃത വഴിയോര വാണിഭ കച്ചവട ക്കാർക്കെതിരേ സന്ധിയില്ലാ സമരവുമായി മുന്നോട്ടു പോകുമെന്നു നേതാക്കൾ അറിയിച്ചു.