തിരുവില്വാമല: തിരുവില്വാമല എസ്എം കല്യാണമണ്ഡപത്തിനു സമീപം കുത്താന്പുള്ളി റോഡിലേക്കു തിരിയുന്ന ഭാഗത്തെ വഴി മുടക്കിയുള്ള പരസ്യബോർഡുകളും റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങളും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമാകുന്നു.
ഈ ഭാഗത്തെ പച്ചക്കറി കടകൾക്കു മുന്നിലും തട്ടുകടകൾക്കു മുന്നിലും പാതയോരത്ത് ചെറുവണ്ടികളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതും വിപണനം നടത്തുന്നതും വ്യാപകമാണ്. ഇതിനു പുറമെ ഒട്ടേറെ പരസ്യ ബോർഡുകൾ നടപ്പാതകൾ കൈയേറി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെവെച്ചാണ് കഴിഞ്ഞദിവസം യുവാവു ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവമുണ്ടായത്.
കുത്താന്പുള്ളി റോഡിലേക്ക് തിരിയുന്ന സ്ഥലം അപകടസാധ്യത ഏറെയുള്ള ഭാഗമാണ്. വൈകുന്നേരങ്ങളിൽ ടൗണിനേക്കാൾ തിരക്കാണ് ഈ ഭാഗത്ത്. അനധികൃത മദ്യവില്പനയും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വില്പനയും വ്യാപകമാണ്.
ഇവിടെ, സമീപത്തെ ഒഴിഞ്ഞ തൊടിയിൽ കുറ്റിച്ചെടികളുടെ മറവിൽ ഇരുന്ന് മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ സ്ത്രീകൾക്ക് ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.