അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച റോഡിന്റെ നടപ്പാത കച്ചവടക്കാർ കൈയടക്കിയത് കണ്ടില്ലെന്നു നടിച്ച് അധികാരികൾ. കാൽനടയാത്രക്കാർ ദുരിതത്തിൽ. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഇരുഭാഗത്തുമുള്ള കച്ചവടക്കാരാണ് നടപ്പാത കൈയടക്കിയത്.
തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്ക് അപകടമുണ്ടാകാതിരിക്കാനാണ് മനോഹരമായ നടപ്പാതയും റോഡിനൊപ്പം നിർമിച്ചത്. എന്നാൽ, പലയിടത്തും നടപ്പാത കച്ചവടക്കാരുടെ വ്യാപാര സാധനങ്ങൾ വയ്ക്കാനുള്ള ഒന്നായി മാറ്റി.
അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിരവധി കച്ചവടക്കാരാണ് ഇത്തരത്തിൽ നടപ്പാതയിൽ സാധനങ്ങൾ വയ്ക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുൾപ്പെടെയുള്ളവർക്ക് നടക്കാൻ കഴിയാത്ത തരത്തിലാണ് കച്ചവടക്കാർ സാധനങ്ങൾ നടപ്പാതയിൽ വയ്ക്കുന്നത്.
ഇതിനെതിരേ പൊതുമരാമത്ത് വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവയൊന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ വ്യാപക പ്രതിഷേധവുമുയർന്നിട്ടുണ്ട്.