പത്തനംതിട്ട: നഗരത്തിലെ നടപ്പാതകളേറെയും കാൽനട യാത്രക്കാർക്ക് അപകടക്കെണികളായി മാറുകയാണ്. ഏറെ സുക്ഷിച്ച് നടന്നില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും സ്ലാബ് തകർന്നോ, ഇതിലെ വിടവിലൂടെയോ ഓടയിൽ പതിക്കുമെന്നതാണ് സ്ഥിതി. വിവിധ റോഡുകളിലെ നടപ്പാതകളിൽ സ്ലാബുകളും കൈവരികളും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇക്കാര്യം ശ്രദ്ധിക്കാറില്ല.
ടികെ റോഡ് അടക്കം നഗരത്തിലെ പ്രധാന പാതകളും ഇടവഴികളിലും നടപ്പാതകൾ അപകടക്കെണിയാണ്. കാൽനട യാത്രക്കാരെ കെണിയിൽപെടുത്താൻ തരത്തിൽ മിക്ക ഓടകളുടെയും സ്ലാബുകൾ തകർന്നിട്ടുണ്ട്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ ഓടയിലേക്കു വീഴുമെന്ന സ്ഥിതിയുണ്ട്. സെൻട്രൽ ജംഗ്ഷനു സമീപത്തുപോലും ഓടയുടെ സ്ലാബുകൾ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംക്ഷൻ വരെയുള്ള ഭാഗത്താണു പലയിടത്തായി സ്ലാബുകൾ തകർന്നിട്ടുണ്ട്. നടപ്പാതയുടെ വശത്തുള്ള കൈവരികളും തുരുന്പെടുത്ത് നാശത്തിന്റെ പാതയിലാണ്. ടികെ റോഡിൽ നിന്നു കടമ്മനിട്ട ഭാഗത്തേക്കു തിരിയുന്നിടത്തും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തും സ്ലാബുകൾ പൊട്ടിയിട്ടുണ്ട്. കാൽനടയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീണ് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്.
കൈവരിയായി സ്ഥാപിച്ച പൈപ്പുകൾ പലതും ദ്രവിച്ചു. മിനി സിവിൽ സ്റ്റേഷനു മുൻഭാഗത്തെ കൈവരികളുടെ അവസ്ഥയും ഇതുതന്നെ. യാത്രക്കാരുടെ ദേഹത്തു കൊള്ളുന്ന തരത്തിൽ നടപ്പാതയിലേക്ക് ഇറങ്ങിനിൽക്കുകയാണു കന്പികൾ. സ്ലാബുകൾ മാറ്റി സ്ഥാപിക്കാനും കൈവരികൾ നന്നാക്കാനും നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.