ആലപ്പുഴ: കാൽനട യാത്രക്കാരുടെ സുരക്ഷിത യാത്രക്കായി സ്ഥാപിച്ച കൈവരികൾ വഴി മുടക്കികളാകുന്നു. ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തിന് മുന്നിലൂടെയുള്ള ഫുട്പാത്തിന്റെ കൈ വരികളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.ഇരുന്പുപൈപ്പുകളും ഷീറ്റുമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കൈവരികളുടെ താഴെ ഭാഗം ദ്രവിച്ചതോടെ ഫുട്പാത്തിലേക്ക് ചരിഞ്ഞതാണ് യാത്രക്കാർക്ക് തടസമാകുന്നത്.
കൈവരികളിൽ നിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന ഇരുന്പുപു ഷീറ്റുകൾ കൊണ്ട് യാത്രക്കാർക്ക് മുറിവേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് വരെ കൈവരികൾക്ക് കൃത്യമായി പെയിന്റിംഗ് നടത്തിയിരിന്ന ഇല്ലാതായതാണ് കൈവരികളുടെ നാശത്തിനിടയാക്കിയത്.
ജംഗ്ഷനിൽ നിന്നും വൈ.എം.സി.എ യിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും ഫുട്പാത്തിന് സംരക്ഷണമൊരുക്കി കൈവരികളുണ്ടായിരുന്നെങ്കിലും വടക്കുഭാഗത്തെ കൈവരികൾ പൂർണമായും തകർന്നു കഴിഞ്ഞു. നിലവിൽ റോഡും ഫുട്പാത്തും ഇവിടെ തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്.
ദിവസേന നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കാൽനടപ്പാതയിലെ തടസം നീക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങൾക്കുള്ളത്.