കോഴിക്കോട്: കോഴിക്കോട് കൊളത്തറയില് റഹ്മാന് ബസാറില് വന് തീപിടിത്തം. ഇവിടുത്തെ ചെരുപ്പു നിര്മാണ ഗോഡൗണിനാണ് പുലര്ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി.
ആറ് ഫയര് എന്ജിനുകള് എത്തി മണിക്കൂറുകള് നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീ പിടിച്ചത്.
സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള് അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്ട്ട് സര്ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്.
ഗോഡൗണ് പൂര്ണ്ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്. അമ്പതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ യൂണിറ്റില് ജോലിചെയ്യുന്നത്. ഇവര് തീപിടിത്തമുണ്ടായ ഗോഡൗണിനോട് ചേര്ന്നാണ് താമസിക്കുന്നത്.
ചെരുപ്പ് നിര്മാണ സാധനത്തിന് ഉപയോഗിച്ച സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പു നിര്മാണത്തിന് ഉപയോഗിക്കുന്ന കെമിക്കല് വസ്തുക്കള് ഉള്പ്പെടെ കത്തിനശിച്ചു.
ചെറിയ രീതിയിലുള്ള സ്ഫോടനവും കേട്ടിരുന്നതായി പ്രദേശവാസികള് പറയുന്നു. മാര്ക്ക് എന്ന നിര്മാണ കമ്പനിയുടെ യൂണിറ്റാണ് കത്തിനശിച്ചത്.
ജനറേറ്റര് ഉള്പ്പെടെയുള്ളവ അതിവേഗം മാറ്റുകയായിരുന്നു. അതേസമയം കെമിക്കല് വസ്തുക്കളും ഓയിലും ഉള്പ്പെടെ പരന്ന അവസ്ഥയായതിനാല് വിശദമായ അന്വേഷണത്തിലൂടെയേ തീപിടിത്ത കാരണം വ്യക്തമാകൂ.