നിശാന്ത് ഘോഷ്
കണ്ണൂർ: പോലീസ് സേനാംഗങ്ങളെയും ഇനിമുതൽ വാടകയ്ക്ക് ലഭിക്കും. കല്യാണം, മറ്റു പരിപാടികൾ എന്നിവയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ ദിവസവാടകയ്ക്ക് നിയമിക്കുന്നതുപോലെ ആർക്കുവേണമെങ്കിലും പോലീസ് സേനാംഗങ്ങളെയും ഉപയോഗപ്പെടുത്താം.
ഇതുസംബന്ധിച്ച് 15-06-2022 നാണ് 117/2022 നമ്പർ പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.പോലീസിന്റെ സേവനം ആവശ്യമുള്ളവർ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത തുക ട്രഷറിയിൽ അടച്ച് ഒറിജിനൽ ചലാൻ രസീത് നൽകിയാൽ സേനാംഗങ്ങളെ വിട്ടുനൽകും.
സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു രീതി അവലംബിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്.
ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ കല്യാണങ്ങളും മറ്റു പരിപാടികളും നടക്കുന്നിടത്ത് യൂണിഫോമിൽ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യേണ്ട അവസ്ഥയാണ് സേനാംഗങ്ങൾ നേരിടുന്നത്.
എആർ ക്യാമ്പിൽനിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് ദിവസവേതന നിരക്കിൽ നൽകുന്നത്. സേനാംഗങ്ങളുടെ അടിസ്ഥാന ശമ്പള നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആവശ്യക്കാരൻ പണമടയ്ക്കേണ്ടത്.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞദിവസം ഒരു കല്യാണവീട്ടിലേക്കു നാലു പോലീസുകാരെ അയച്ചിരുന്നു.രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെയുള്ള സേവനത്തിന് ഒരു പോലീസുകാരന് 1,400 രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച നിരക്ക്.
മറ്റു പല സംസ്ഥാനങ്ങളിലും സമാനരീതിയിൽ പോലീസ് സേനാംഗങ്ങളുടെ സേവനം സ്വകാര്യവ്യക്തികൾക്കു വിട്ടുനൽകാറുണ്ട്. സേനാംഗത്തിന്റെ ഒരു ദിവസത്തെ ശമ്പളത്തേക്കാൾ മൂന്നിരട്ടി വരെ തുക ഈടാക്കിയാണ് സേവനം വിട്ടുകൊടുക്കാറ്.
അതേസമയം, പോലീസുകാരെ ഇത്തരത്തിൽ വിട്ടുനൽകുന്നത് ആത്മവീര്യം തകർക്കലാണെന്ന് സേനയ്ക്കകത്തുനിന്നുതന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്.
പലരും തങ്ങളുടെ പ്രമാണിത്തം കാണിക്കാൻ ഈ രീതി അവലംബിച്ചുതുടങ്ങിയാൽ പോലീസ് വീടുകളിൽ ചെന്ന് അവർ പറയുന്ന ജോലി ചെയ്യേണ്ടി വരുമോയെന്ന ആശങ്കയും സേനാംഗങ്ങളിലുണ്ട്.
പോലീസിനെ വിടുവേല ചെയ്യിക്കുന്ന രീതിയിലുള്ള ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.