മുംബൈ: സുരക്ഷിതവും മര്യാദയുള്ളതുമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഫോർഡ് ഇന്ത്യ ഇന്ത്യൻ റോഡ് സേഫ്റ്റി കാന്പെയ്നുമായി (ഐആർഎസ്സി) സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നു. വഴിയാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ, ലെയ്ൻ ഡ്രൈവിംഗ്, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, വർധിച്ചുവരുന്ന അമിതവേഗം എന്നിവയ്ക്കെതിരേ ബോധവത്കരണം നടത്തുകയാണു ലക്ഷ്യം.
ഫോർഡ് #കാർട്ടസിയുടെ കീഴിൽ ബോധവത്കരണ പരിപാടിക്കു നേതൃത്വം നല്കുന്നത് ഐആർഎസ്സി വോളണ്ടിയർമാരാണ്. ചിത്രരചന, ക്വിസ് മത്സരം എന്നിവയ്ക്കു പുറമെ ഫോർഡിന്റെ പേരന്റ് സേഫ്റ്റി റിപ്പോർട്ട് കാർഡ് കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കും.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലും സീറ്റ് ബെൽറ്റ് ധരിക്കുക, സിഗ്നലിൽ വാഹനം നിർത്തുക തുടങ്ങിയ രീതികൾ പിന്തുടരുന്നതിലും മാതാപിതാക്കൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് റേറ്റിംഗ് നല്കാൻ വിദ്യാർഥികൾക്ക് സാധിക്കും. റേറ്റിംഗ് നല്കിയ ശേഷം ഇത് മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നതിനായുള്ള പ്രേരണ നല്കും.
മാതാപിതാക്കൾ വഴിയിൽ എങ്ങനെ പെരുമാറുന്നോ ഏതു തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരുന്നുവോ ഇതനുസരിച്ചായിരിക്കും മക്കളുടെ ധാരണകൾ വികസിക്കുന്നതെന്ന സന്ദേശം കൈമാറാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കാറുകളിൽ ഏറ്റവും സുരക്ഷിതമായ സാങ്കേതികവിദ്യ നല്കുന്നതിനൊപ്പം ഭാവിയിലെ ഡ്രൈവർമാരെ നല്ല ശീലങ്ങളുള്ളവരാക്കുക എന്നതാണ് ഫോർഡ് #കാർട്ടസി കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കുടുംബങ്ങളും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സാധ്യമായതെല്ലാം ചെയ്യുക എന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം പറഞ്ഞു.
മറ്റുള്ള ഡ്രൈവർമാരോട് മര്യാദ കാണിക്കുക, ബഹുമാനം നല്കുക തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ഫോർഡ് ഇന്ത്യ #കാർട്ടസി എന്ന പേരിൽ 2017ൽ ഈ കാന്പെയ്ൻ ആരംഭിച്ചത്.