പാരന്പര്യത്തിന്റെ കാര്യത്തിൽ ഇന്നോവയേക്കാൾ മുന്നിലായിരുന്നിട്ടും ഇന്നോവയ്ക്കു ലഭിച്ച അംഗീകാരം ലഭിക്കാതെപോയ തലയെടുപ്പുള്ള എസ്യുവിയാണ് ഫോർഡിന്റെ എൻഡവർ. റോഡുകളിലും ഒാഫ് റോഡുകളിലും മരുഭൂമിയിലെ കുതിപ്പിനും എന്നും മിടുക്കനായിരുന്ന എൻഡവർ അല്പം രൂപമാറ്റം വരുത്തി വീണ്ടും എത്തിയിരിക്കുകയാണ്. പുതിയ ഭാവത്തിൽ നിരത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡേവറിന്റെ വിശേഷങ്ങളിലേക്ക്…..
പുറംമോടി: പഴയ എൻഡേവറിലുണ്ടായിരുന്ന പൗരുഷം വിട്ട് സൗമ്യമായ മുഖവുമായാണ് പുതിയ എൻഡേവറിന്റെ രംഗപ്രവേശം. ക്രോം ആവരണം ചെയ്ത ഹെക്സാജനിക് ഗ്രില്ലുകളും എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാന്പുമാണ് ശ്രദ്ധയാകർഷിക്കുന്ന പുതുമ. മുൻഭാഗം കൂടുതൽ ഉയർത്തിയതും ബംപറിന്റെ താഴ്ഭാഗത്തായി സിൽവർ നിറത്തിലുള്ള പ്ലാസ്റ്റിക് സ്കിഡ് പ്ലേറ്റ് നല്കിയതും ആകർഷണീയത ഉയർത്തിയിട്ടുണ്ട്. ഫോഗ് ലാംപ് സ്കിഡ് പ്ലേറ്റിലാണ്.
ഉയരത്തിൽ വ്യത്യാസം വന്നതിനാൽ പുതിയ എൻഡേവറിന്റെ സൈഡിൽ സ്റ്റൈപ്പ് നല്കിയിട്ടുണ്ട്. ബോണറ്റിന്റെ സൈഡിലായി എൻജിൻ പവർ ആലേഖനം ചെയ്തിരിക്കുന്ന ക്രോം ടാബ് ചേർത്തിരിക്കുന്നു. ഇതിനൊപ്പം വീൽ ആർച്ചുകളും ഡോർ ലൈനുകളും ബി, സി പില്ലറുകളും ചേർന്ന് വശങ്ങൾ മനോഹരമാക്കുന്നുണ്ട്. മറ്റ് എസ്യുവികളെ അപേക്ഷിച്ച് വലുപ്പം കൂടിയ 18 ഇഞ്ച് അലോയി വീലാണ് എൻഡേവറിനുള്ളത്.
പിൻഭാഗത്തുമുണ്ട് നിരവധി മാറ്റങ്ങൾ. റേഞ്ച് റോവറിനോട് സാമ്യം പുലർത്തുന്ന പിൻഭാഗമാണുള്ളത്. ഹാച്ച് ഡോറിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയർ ബോഡിയുടെ അടിയിലേക്ക് മാറിയിട്ടുണ്ട്. ചെറിയ എൽഇഡി ടെയിൽ ലാംപും എൻഡവർ എന്നെഴുതിയ ക്രോം സ്ട്രിപ്പും ബാക്ക് സ്പോയിലറുമാണ് പിൻഭാഗത്തുള്ളത്. മുൻഭാഗത്തിനു സമാനമായി പിന്നിലും ബംപറിൽ സ്കിഡ് പ്ലേറ്റും അതിൽ ഫോഗ് ലാംപും നല്കിയിട്ടുണ്ട്.
ഉൾഭാഗം: വളരെ മനോഹരമായും ചിട്ടയായും രൂപപ്പെടുത്തിയ ഇന്റീരിയറാണ് എൻഡേവറിന്റേത്. മൂന്നു നിറത്തിലാണ് ഡാഷ്ബോർഡ്. എറ്റവും മുകളിലായി ചോക്ലേറ്റ് നിറത്തിലുള്ള ലെതറും മധ്യത്തിൽ വുഡൻ ഫിനീഷിംഗിലും താഴെ വെള്ള നിറത്തിലുള്ള സോഫ്റ്റ് പ്ലാസ്റ്റികും ഉപയോഗിച്ചിരിക്കുന്നു. രണ്ട് സെക്ഷനായി തിരിച്ചിരിക്കുന്ന സെന്റർ കൺസോളിന്റെ ആദ്യ പകുതിയിൽ എട്ട് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം. താഴെ ഒാഡിയോ കൺട്രോൾ ചെയ്യാനും റേഡിയോ ട്യൂൺ ചെയ്യാനുമുള്ള നോബും അതിനു താഴെയായി ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റും.
സ്റ്റിയറിംഗ് വീലിന്റെ രണ്ട് സ്പോർക്കുകളിലായി ഒാഡിയോ സിസ്റ്റം, ഫോൺ, വോയിസ് കമാൻഡ് എന്നിവ കൺട്രോൾ ചെയ്യാനുള്ള സ്വിച്ചുകളും ക്രൂയിസ് കൺട്രോൾ ബട്ടണുമുണ്ട്. ഒരു അനലോഗ് മീറ്ററും രണ്ട് ഡിജിറ്റൽ മീറ്ററും ഉൾപ്പെട്ടതാണ് മീറ്റർ കൺസോൾ.
മൂന്ന് നിര സീറ്റുകളിലും എസി വെന്റുകളും ക്ലൈമറ്റ് ക്രമീകരണത്തിനൊപ്പം എല്ലാ നിരകളിലും ഉയർന്ന ലെഗ് സ്പേസുമുണ്ട്. സാധാരണ ഗതിയിൽ 450 ലിറ്ററാണ് ബൂട്ട് സ്പേസ്. പിന്നിലെ സീറ്റ് മടക്കിയാൽ 750 ലിറ്ററായും ഇത് ഉയർത്താൻ കഴിയും.
എൻജിൻ: 2.2 ലിറ്റർ, 3.2 ലിറ്റർ എൻജിനുകളിലാണ് എൻഡവർ പുറത്തിറക്കുന്നത്. 2.2 ലിറ്റർ 2198 സിസി എൻജിൻ 3200 ആർപിഎമ്മിൽ 160 പിഎസ് പവറും 2500 ആർപിഎമ്മിൽ 385 എൻഎം ടോർക്കും, 3.2 ലിറ്റർ 3198 സിസി എൻജിൻ 3000 ആർപിഎമ്മിൽ 200 പിഎസ് പവറും 2500 ആർപിഎമ്മിൽ 470 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് മോഡുകളിൽ എൻഡവർ പുറത്തിറക്കുന്നുണ്ട്.
സുരക്ഷ: ബേസ് മോഡൽ മുതൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡുവൽ എയർ ബാഗ്, എബിഎസ് ഇബിഡി ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷ ഉറപ്പാക്കുന്നത്.
മൈലേജ്: 2.2 ലിറ്റർ മോഡലിന് 12.62കിലോമീറ്ററും 3.2 ലിറ്റർ മോഡലിന് 10.91 കിലോമീറ്ററും.
നിറം: ട്രെൻഡ്, ടൈറ്റാനിയം എന്നീ ഒാപ്ഷനുകളിൽ ഇറങ്ങുന്ന എൻഡേവറിന്റെ 2.2 ലിറ്റർ മോഡലിന് 23.78 ലക്ഷം മുതൽ 27.93 ലക്ഷം രൂപ വരെയും 3.2 ലിറ്റർ ട്രെൻഡിന് 27.68 ലക്ഷവും ടൈറ്റാനിയത്തിന് 30.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
വലുപ്പം: നീളം 4892 എംഎം, വീതി 1860 എംഎം, ഉയരം 1837 എംഎം. ഗ്രൗണ്ട് ക്ലിയറൻസ് 225 എംഎം
ടെസ്റ്റ് ഡ്രൈവ്: കൈരളി ഫോർഡ്, കോട്ടയം മൊബൈൽ: 7034030727
അജിത് ടോം