ഫോര്‍ഡിന്റെ ന്യൂജെന്‍ ഫിഗോ; ആളു സൂപ്പറാ…

Figoഅജിത് ടോം

ഒരേ സ്വഭാവമുള്ള ഒരു ഹാച്ച്ബാക്ക്, ഒരു സെഡാന്‍ ഈ ഒരു ട്രെന്‍ഡാണ് കുറച്ചുനാളായി ഒട്ടുമിക്ക വാഹനനിര്‍മാതാക്കാളും പിന്തുടരുന്നത്. എന്നാല്‍, ഇവയില്‍ ഉള്‍പ്പെടാതെ മാറിനിന്നിരുന്ന ഒരു പ്രമുഖ കമ്പനിയാണ് ഫോര്‍ഡ്. ഹാച്ച്ബാക്ക്, സെഡാന്‍ വിഭാഗങ്ങളില്‍ നിരവധി മോഡലുകള്‍ പരിചയപ്പെടുത്തിയെങ്കിലും ഒരേ സീരീസില്‍ ഈ പരീക്ഷണത്തിന് ഫോര്‍ഡ് മുതിര്‍ന്നിരുന്നില്ല. എന്നാല്‍, നാട് ഓടുമ്പോള്‍ നടുവെ എന്നത് ഫോര്‍ഡ് ഫിഗോ, ആസ്പയര്‍ എന്നീ മോഡലുകള്‍ പുറത്തിറക്കി അവരും അന്വര്‍ഥമാക്കി.

വിദേശ ടെക്‌നോളജിയും ഉയര്‍ന്ന കോസ്റ്റുമാണ് മുഖമുദ്രയെങ്കിലും ഇന്ത്യന്‍ നിരത്തിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അമേരിക്കന്‍ വാഹനനിര്‍മാതാക്കളാണ് ഫോര്‍ഡ്. ഇന്ത്യന്‍ നിരത്തിന് ഒരു പുതുതലമുറ ഫിഗോയെകൂടി നല്കിയിരിക്കുകയാണ് ഫോര്‍ഡ് ഇപ്പോള്‍.

ന്യൂജനറേഷന്‍ എക്സ്റ്റീരിയര്‍

ഒരു കാറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുമ്പോള്‍ നല്കുന്ന വിശേഷണം മതിയാവില്ല പുതിയ ഫോര്‍ഡ് ഫിഗോയുടെ രൂപകല്പനയെ വിശേഷിപ്പിക്കാന്‍. മുമ്പുണ്ടായിരുന്ന ഫിഗോയുമായി പേരിനുപോലും സാമ്യം തോന്നിക്കാത്ത രീതിയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോണറ്റിന്റെ പകുതിയില്‍നിന്നു തന്നെ ആരംഭിക്കുന്ന വലിയ ഹെഡ്‌ലാമ്പും ഫോര്‍ഡിനായി മാത്രം തയാറാക്കിയിരിക്കുന്ന ഗ്രില്ലുമാണ് പുതിയ ഫിഗോയിലെ പ്രധാന കൗതുകം. പതിവിനു വിപരീതമായി കമ്പനി ലോഗോയുടെ സ്ഥാനം ഗ്രില്ലില്‍നിന്നു ബമ്പറിലേക്ക് മാറ്റിയതിലും ബമ്പറിന്റെ ലോവര്‍ ഹാഫില്‍ നല്കിയിരിക്കുന്ന ചെറിയ ഫോഗ് ലാമ്പിലും പുതുമ ദര്‍ശിക്കാന്‍ കഴിയും.

എയറോ ഡൈനാമിക് ബോഡി ഡിസൈനിംഗും ഫിഗോയെ ആകര്‍ഷകമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ബോഡിയില്‍നിന്ന് ഇരുഡോറുകളിലേക്കും നീളുന്ന ഷോള്‍ഡര്‍ ലൈനും വീല്‍ ആര്‍ച്ചുകളില്‍ അവസാനിക്കുന്ന ലൈനും വശങ്ങളിലെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വശങ്ങളിലെ ഇന്‍ഡിക്കേറ്റര്‍ സ്ഥാപിച്ചിരിക്കുന്നതിലും മാറ്റം വരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 14 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തിനു നല്കിയിരിക്കുന്നത്.

പിന്‍വശങ്ങളിലേക്കു വരുമ്പോള്‍ വലിയ ബമ്പറും ബ്രേക്ക് ലൈറ്റ്, റിവേഴ്‌സ് ഇന്‍ഡിക്കേറ്റര്‍, സൈഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയെ ഒരു ലൈറ്റില്‍ ഏകീകരിച്ച് പഴയ ഫിഗോയില്‍നിന്നു വ്യത്യസ്തമാക്കുന്നു. നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം ഹാച്ച് ഡോറില്‍നിന്നു ബമ്പറിലേക്ക് മാറ്റി നല്കിയിട്ടുണ്ട്. ഈ സവിശേഷതകള്‍ എല്ലാം ഒന്നിക്കുന്നതിനാല്‍തന്നെ മറ്റെല്ലാ ഹാച്ച്ബാക്ക് മോഡലുകളെക്കാളും വലിയ കാര്‍ എന്ന് ഫിഗോയെ നിസംശയം വിളിക്കാനാകും.

174 എംഎം ഗ്രൗണ്ട് ക്ലിയറന്‍സോടെ 2,491 എംഎം വീല്‍ബേസും 3,886 എംഎം നീളവും 1,695എംഎം വീതിയും 1,525 എംഎം ഉയരവും നല്കി നിര്‍മിച്ചിരിക്കുന്ന ഫിഗോ ഏഴ് വ്യത്യസ്ത നിറങ്ങളിലും വിസ്മയം തീര്‍ക്കുന്നു.

വിസ്മയിപ്പിക്കുന്ന ഇന്റീരിയര്‍

ഇന്റീരിയര്‍ രൂപകല്പനയില്‍ ഇക്കോ സ്‌പോര്‍ട്ടിന്റെ പിന്‍മുറക്കാരനാണ് ഫിഗോ. ബ്ലാക്ക് തീം ഡാഷ്‌ബോര്‍ഡില്‍ ഓവല്‍ ഷേയ്പ്പില്‍ നല്കിയിരിക്കുന്ന സില്‍വര്‍ സെന്റര്‍ കണ്‍സോളാണ് ഈ വിശേഷണത്തിനു കാരണം. കൂടാതെ ഫോര്‍ഡിന്റെ മറ്റ് മോഡലുകളില്‍നിന്നു വ്യത്യസ്തമായി ലെതര്‍ സീറ്റില്‍നിന്നു മാറി ഫാബ്രിക് ഫിനീഷിംഗ് നല്കിയിരിക്കുന്നത് ഉള്‍ഭാഗത്തിന് ആഡംബരഭാവം പകരുന്നു.

സ്റ്റീരിയോയിലേക്ക് എത്തുമ്പോള്‍ മറ്റു കമ്പനികളുടെ സമാന മോഡലുകള്‍ അല്പം സ്‌കോര്‍ ചെയ്യുന്നു. കാരണം, മറ്റെല്ലാ മോഡലുകളും വണ്‍ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്കുന്ന സ്ഥാനത്ത് ഇതില്‍ മാന്വല്‍ സിസ്റ്റമാണ് നല്കിയിരിക്കുന്നത്. താമസിക്കാതെ ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഫിഗോയിലുമെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, ബ്ലൂടൂത്ത്, ഓക്‌സിലറി എന്നിവയ്ക്കു പുറമേ ഫോര്‍ഡിന്റെ സിങ്ക് സിസ്റ്റം വഴി വോയിസ് കമാന്‍ഡ് ഇതില്‍ നല്കിയിട്ടുണ്ട്.

ഫിഗോയുടെ ടോപ് എന്‍ഡ് മോഡലായ ടൈറ്റാനിയം പ്ലസില്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോളിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ നല്കിയിരിക്കുന്ന മാക്‌സ് എസി ഓപ്ഷന്റെ സഹായത്തോടെ അതിവേഗം ഉള്‍വശം തണുപ്പിക്കാന്‍ സാധിക്കും.

സ്‌പോര്‍ക്കുകളില്‍ സില്‍വര്‍ ഫിനീഷിംഗ് നല്കിയിരിക്കുന്ന സ്റ്റിയറിംഗ് വീലില്‍ ടില്‍റ്റ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റുകളും സാധ്യമാണ്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുഖയാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് ഫിഗോയുടേത്. വിശാലമായ ബൂട്ട് സ്‌പേസും സില്‍വര്‍ ഫിനീഷിംഗ് റിയര്‍ ഡോര്‍ ഹാന്‍ഡിലും പിന്‍ഭാഗത്തിന്റെ മുഖ്യ ആകര്‍ഷണീയതയാണ്. ഡിക്കി സ്‌പേസ് 257 ലിറ്റര്‍.

പവര്‍ അല്പം കൂടുതല്‍

രണ്ട് പ്രെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഫിഗോ പുറത്തിറക്കുന്നത്. 1.2 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ 1196 സിസിയില്‍ 112 എന്‍എം ടോര്‍ക്കും 86.6 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഇതിനുള്ളത്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലില്‍ പവര്‍ അല്പം ഉയര്‍ത്തി 1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും പ്രവര്‍ത്തിക്കുന്നു. 1499 സിസിയില്‍ 136 എന്‍എം ടോര്‍ക്കും 110.4 ബിഎച്ച്പി പവറുമാണ് കരുത്തു പകരുന്നത്.

ഡീസല്‍ മോഡലിലേക്കു വരുമ്പോള്‍ 1.5 ലിറ്റര്‍ ടിഡിസിഐ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സ് 1498 സിസിയില്‍ 215 എന്‍എം ടോര്‍ക്കും 99 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

അഞ്ച് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ ഫിഗോയുടെ 1.2 പെട്രോള്‍ മോഡലിന് 18.6 കിലോമീറ്ററും 1.5 പെട്രോള്‍ എന്‍ജിന് 17.01 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 20.9 കിലോമീറ്ററും മൈലേജാണ് കമ്പനി അവകാശപ്പെടുന്ന്.

പെട്രോള്‍ മോഡലുകള്‍ക്ക് 5.19 മുതല്‍ 8.38 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.53 മുതല്‍ 8.85 ലക്ഷം രൂപ വരെയുമാണ് ഓണ്‍ റോഡ് വില.

ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം ഇല്ലാതെ തന്നെ ടോപ്പ് ഗിയറില്‍ 40 കിലോമീറ്റര്‍ സ്പീഡ് നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നതും ഡീസല്‍ മോഡലിന് അവകാശപ്പെടാന്‍ സാധിക്കുന്ന പ്രത്യേകതയാണ്.

സുരക്ഷയില്‍ ഒന്നാമന്‍

ബേസ് മോഡല്‍ ഉള്‍പ്പെടെയുള്ളവയില്‍ രണ്ട് എയര്‍ബാഗും ടോപ് എന്‍ഡ് വേരിയന്റില്‍ ആറ് എയര്‍ബാഗും നല്കിയിരിക്കുന്നത് സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്നതിനാലാണ്. എബിഎസ് ബ്രേക്കിനു പുറമെ ഇലക്‌ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും(ഇബിഡി) ഹില്‍ അസിസ്റ്റന്റ് സിസ്റ്റവും ഇതില്‍ നല്കിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെ സെന്‍സിംഗ് സംവിധാനവും ഫിഗോയ്ക്കുണ്ട്. ഇത് പാര്‍ക്കിംഗ് സമയത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ടെസ്റ്റ് ഡ്രൈവ്: കൈരളി ഫോര്‍ഡ്, കോട്ടയം. ഫോണ്‍: 7034030729, 7034030737.

Related posts