തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.
ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നൽകണമെന്നും കോടതി വിധിച്ചു.
കേസിലെ പ്രതികളായ തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ ജീവിത അവസാനം വരെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ ദിവസം ഇരുവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെ ത്തിയിരുന്നു.
പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം, ഗുഢാലോചന, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായി.
2018 മാർച്ച് 14 ന് കോവളത്ത് നിന്നാണ് ലാത്വിയൻ യുവതിയെ കാണാതായത്. പോത്തൻകോട്ട് ആയൂർവേദ ചികിത്സക്കെത്തിയ യുവതി കോവളത്തെത്തിയിരുന്നു.
അവിടെ നിന്നും പ്രതികൾ തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിന് ശേഷം മൃതദേഹം കെട്ടിത്തൂക്കി. ഒരു മാസത്തിലേറെക്കാലത്തിന് ശേഷമാണ് മൃതദേഹം ജീർണിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെ ത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ ഉമേഷും ഉദയകുമാറുമാണ് പ്രതികളെന്ന് കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനകളിലുടെയാണ് കേസ് പോലീസ് സംഘം തെളിയിച്ചത്. ഈ കേസിന് മേൽനോട്ടം വഹിച്ച എഡിജിപി മനോജ് എബ്രഹാം, ഐജി. പി.പ്രകാശ്, അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ ഉൾപ്പെടെയുള്ള 42 -ഓളം വരുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി പ്രശംസാ പത്രം നൽകി അനുമോദിച്ചു.