വിനോദസഞ്ചാരികള്‍ ഇഷ്ടംപോലെ വരുന്ന സ്ഥലമാണ് മുക്കം ബീച്ച്. വൈകുന്നേരങ്ങളില്‍ ഇവിടെ വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. സാധാരണയായി കാറ്റുകൊള്ളാനെത്തുന്ന സഞ്ചാരികള്‍ ബീച്ചില്‍ കുറച്ച് സമയം ചിലവഴിച്ച് വന്നപോലെ മടങ്ങുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കടല്‍ തീരത്ത് എത്തിയ വിദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത് ബീച്ച് നിറയെ ചിതറി കിടക്കുന്ന മാലിന്യമാണ്.
ഇതുകണ്ട് വൃത്തിയുള്ള മറ്റിടത്തേക്ക് നീങ്ങുന്നതിനു പകരം ബീച്ചിലെ മാലിന്യം നീക്കം ചെയ്താണ് ഇവര്‍ മാതൃകയായത്. കുടുംബസമേതമാണ് ഇവര്‍ ഈ പുണ്യപ്രവൃത്തി ചെയ്തത്. ബീച്ചിന്റെ ഓരോ ഭാഗത്ത് അടിഞ്ഞു കിടക്കുന്ന ചപ്പും ചവറും അവര്‍ നീക്കം ചെയ്ത് ബീച്ച് വൃത്തിയാക്കി. ആയുര്‍വ്വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരുടെ സംഘമാണ് ബീച്ച് വൃത്തിയാക്കിയത്.
ഇവര്‍ വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങാറുണ്ട്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു മണിക്കൂറുകൊണ്ടാണ് കടപ്പുറം വൃത്തിയാക്കിയത്. ചില നാട്ടുകാരും ഇവര്‍ക്കൊപ്പം കൂടി. മറ്റു ചിലര്‍ പതിവു പോലെ കാഴ്ചക്കാരായി. ഇതില്‍ ചിലര്‍ ആവട്ടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിദേശികളുടെ ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ് നേടിയത്.