കുറവിലങ്ങാട്: കാടുവിട്ട് കുരങ്ങനും കുറുക്കനും നാട്ടിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളില് ഇലയ്ക്കാട് മേഖലയില് കണ്ട കുരങ്ങന്മാര് കുറവിലങ്ങാട് പ്രദേശത്ത് തമ്പടിച്ചുതുടങ്ങി. വീടുകളിലെത്തുന്ന കുരങ്ങന്മാര് വലിയ ശല്യവും സൃഷ്ടിക്കുന്നുണ്ട്. വാനരസംഘം നാശനഷ്ടങ്ങള് നടത്തുന്നതോടെ ജനം വലിയ ബുദ്ധിമുട്ടിലാണ്. കുരങ്ങന്മാരെ തുരത്താന് വിദ്യകള് പലതും നടത്തിയെങ്കിലും വിജയിക്കാത്തതില് ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
കാര്ഷികമേഖലയില് നാശം വരുത്തുന്നതാണ് പ്രധാനപ്രശ്നം. വാഴക്കുലകള് ഒടിച്ച് നശിപ്പിക്കുന്ന വാനരന്മാര് വീട്ടുപകരണങ്ങളും തകര്ക്കുകയാണ്. വീടിന് വെളിയിലെ പ്ലാസ്റ്റിക്ക് ടാപ്പുകള് കൂട്ടത്തോടെ ഒടിച്ചാണ് ഒരുവീട്ടില് വാനരപ്പട കലിപ്പ് തീര്ത്തത്. കുട്ടികളടക്കമുള്ളവരെ ഉപദ്രവിക്കുമോ എന്ന പേടിയും ഗ്രാമങ്ങളില് ഉയര്ന്നിട്ടുണ്ട്.
നാട്ടിന്പുറങ്ങളില് പലയിടത്തും രാത്രിയായാല് പിന്നെ കുറുക്കന്മാരുടെ വിളയാട്ടമാണ്. കുറുക്കന്മാര് കൂട്ടത്തോടെ ഓരിയിട്ട് വിലസാന് തുടങ്ങിയാല് നാട്ടിലാകെയുള്ള നായ്ക്കളും ബഹളം തുടങ്ങും. ഇതോടെ രാത്രിയില് ഏറെനേരം ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കുറുക്കന്മാര് സംഘമായി എത്തുന്നതിനാല് നായ്ക്കളും ഭയന്നുമാറുകയാണ്. ഏറെ നേരം വലിയബഹളം സൃഷ്ടിക്കപ്പെടുന്നത് കുട്ടികള്ക്കടക്കം വലിയഭീതി സൃഷ്ടിക്കുന്നുണ്ട്.