ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ… ബ്രസീലിന്റെ ഹീലിയോ ഡ സിൽവ ഇന്ന് ലോകമെമ്പാടമുള്ള പരിസ്ഥിതി സ്നേഹികളുടെ വിപ്ളവവീര്യമാണ്. സാവോപോളോ നഗരത്തിലെ കൊടും വനം ഈ തലതെറിച്ചവന്റെ സൃഷ്ടിയാണ്.ഹീലിയോ ഡ സിൽവ 20 വർഷംകൊണ്ട് 40,000 മരങ്ങളാണ് സാവോ പോളോ നഗരത്തിൽ നട്ടുപിടിപ്പിച്ചത്.
2003-ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മരങ്ങൾ നട്ടുനടന്ന അയാളെ പലരും ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ, ഡ സിൽവ പിന്മാറിയില്ല. ആ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് 3.2 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന വനം. 160 ഇനം മരങ്ങളും 45 ഇനം പക്ഷികളുമുള്ള വനത്തെ 2008-ൽ നഗരത്തിലെ ആദ്യ ലീനിയർ പാർക്ക് എന്ന് അടയാളപ്പെടുത്തി. ഡ സിൽവ പറയുന്നു-എന്നെ അതിഥിയായി സ്വീകരിച്ച സാവോ പോളോ നഗരത്തിനുള്ള സമ്മാനമാണിത്.”
സാവോ പോളോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രോമിസാവോ പട്ടണമാണ് ഹീലിയോ ഡ സിൽവയുടെ ജന്മദേശം. ഭക്ഷ്യവ്യവസായ മേഖലയിൽ ജോലിചെയ്തിരുന്ന ഡ സിൽവ പ്രതിവർഷം ഏകദേശം 7000 ഡോളർ മരം നടുന്നതിന് ചെലവഴിക്കുന്നു. തന്റെ 53-ാം വയസിൽ തുടങ്ങിയ “ഭ്രാന്ത്’ 73-ാം വയസിലും അദ്ദേഹം ഉപേക്ഷിക്കുന്നില്ല.
50,000 മരങ്ങളാണ് ലക്ഷ്യം. കാട്ടുതീയും വായുമലിനീകരണവും ഉയർന്ന താപനിലയും രൂക്ഷമാകുമ്പോൾ ഇത്തരം വനങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. 3.2 കിലോമീറ്റർ (രണ്ട് മൈൽ) നീളത്തിലും 100 മീറ്റർ (328 അടി) വീതിയിലും വ്യാപിച്ചുകിടക്കുന്ന 160 ഇനങ്ങളിലുള്ള ആയിരക്കണക്കിന് മരങ്ങളുമായി തിക്വാതിര പാർക്ക് ഇന്ന് നിലകൊള്ളുന്നു.
അദ്ദേഹം ദശാബ്ദങ്ങൾക്ക് മുമ്പ് പ്രോമിസാവോ പട്ടണത്തിൽ നിന്ന് താമസം മാറി.യാതൊരു ഔപചാരികമായ അംഗീകാരവുമില്ലാതെ, സാവോ പോളോ നഗരത്തിൽ വനം സൃഷ്ടിക്കാൻ തന്റെ സ്വന്തം സമ്പാദ്യമല്ലാതെ മറ്റൊരു ധനസഹായവുമില്ലാതെ 2003-ൽ തുടക്കമിട്ടു.അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പദ്ധതിക്ക് സാവോ പോളോ നഗരത്തിലെ ആദ്യത്തെ ലീനിയർ പാർക്ക് എന്ന് പേര് നൽകി. നഗരസഭയുടെ കണക്കനുസരിച്ച് 45 ഇനം പക്ഷികളെയാണ് പാർക്കിൽ കണ്ടെത്തിയത്.
“അദ്ദേഹം ആ അധഃപതിച്ച പ്രദേശത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് നോക്കൂ, അത് ഗംഭീരമാണ്!’ പാർക്കിനെ സംബന്ധിച്ച് ബിബിസി പറയുന്നു.കോൺക്രീറ്റ് നഗര കേന്ദ്രങ്ങളിലെ താപനില കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതുപോലുള്ള ഹരിത ഇടങ്ങൾ നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.
12 മില്യൺ ജനങ്ങളുള്ള സാവോ പോളോ, അത്യന്തം മലിനീകരിക്കപ്പെട്ടിരിക്കുന്നു, ബ്രസീലിനെ നശിപ്പിക്കുന്ന കാട്ടുതീ കാരണം അടുത്ത ആഴ്ചകളിൽ വായുവിന്റെ ഗുണനിലവാരം കൂടുതൽ കുറഞ്ഞു. എന്നാൽ ഈ വനം എല്ലാവർക്കും ഒരു പ്രചോദനമായി മാറുന്ന കാഴ്ചയാണ് ഇവിടെ.
2003-ൽ തന്റെ ഭാര്യ ലെഡയോടൊപ്പം മെട്രോപോളിസിലെ ഒരു വിജനമായ പ്രദേശത്ത് നടക്കുമ്പോൾ തനിക്ക് തന്റെ ആശയം ലഭിച്ചതായി ഡ സിൽവ പറയുന്നു. ഡാ സിൽവയ്ക്ക് പലരിൽ നിന്നും ഇടയ്ക്കിടെ സഹായം ലഭിക്കുന്നു, പക്ഷേ അതൊന്നും കാക്കാതെയാണ് അദ്ദേഹത്തിന്റെ യാത്ര. 50,000 മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.
എല്ലാം ഒറ്റയ്ക്കായിരുന്നു. ആരുടേയും അംഗീകാരമില്ലാതെയായിരുന്നു തുടക്കം. തന്റെ സമ്പാദ്യത്തിൽ നിന്നു പണമെടുത്താണ് വൃക്ഷത്തൈകളും മറ്റും വാങ്ങിയത്. ഒപ്പം കൂടാൻ ഭാര്യയും. നഗരമധ്യത്തിൽ വൃക്ഷങ്ങൾ പൂത്ത് തഴച്ച് വളർന്നു. പറവകൾ എത്തി. നഗരം പുതിയ ഉണർവിലേക്ക് മാറി. ഒടുവിൽ ഭരണകൂടം ഡ സിൽവയെ അംഗീകരിച്ചു.
നഗരസഭയുടെ പ്രധാന ഭാരവാഹിയുമാക്കി. ഇപ്പോഴും തന്റെ വരുമാനത്തിന്റെ മുക്കാൽ പങ്കും ഈ വനത്തിനാണ് ഡാ സിൽവ ചെലവഴിക്കുന്നത്.ലോക അംഗീകാരം ഉടൻ കിട്ടുമെന്ന് സാവോപോളോ അധികൃതർ പറഞ്ഞു. നോബൽ സമ്മാനത്തിനു വരെ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു. മാത്രമല്ല വിദേശരാജ്യങ്ങളിൽ പരിസ്ഥിതി വിഷയങ്ങൾ അവതരിപ്പിക്കാൻ വേണ്ടി യാത്ര ചെയ്യുന്ന തിരക്കാണ് ഇപ്പോൾ ഹീലിയോ ഡ സിൽവ. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും വനം സൃഷ്ടിക്കാനുള്ള നിയോഗവും ഇദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു.
- കോട്ടൂർ സുനിൽ