ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അഞ്ചു പേരെ കൊന്നുതള്ളിയ പുള്ളിപ്പുലിയെ പിടിക്കാന്‍ ആനകള്‍ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുത്തതിനു പുറമേ 12 പേരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പുലിയെപ്പിടിക്കാന്‍ വനപാലകര്‍ ആനകളെ നിയോഗിച്ചത്.
കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ആനകളെയാണ് ഉപയോഗിക്കുന്നത്. ഇവയുടെ പുറത്തിരുന്നുകൊണ്ട് പുള്ളിപ്പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി. അഹ്രവത് എന്ന സന്നദ്ധസംഘടനയില്‍ നിന്നുമാണ് പരിശീലനം നേടിയ ആനകളെ വാടകയ്ക്കെടുക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയ എം സെമ്മാരന്‍ പറഞ്ഞു. ആനപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പുലി ആക്രമിക്കാന്‍ സാധ്യത കുറവായതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹാണ്ടിയ ഗ്രാമത്തിന്റെ പരിസരത്ത് കഴിഞ്ഞ ഒരാഴ്ചയായി പുലി ഇറങ്ങുന്നതായാണ് വിവരം. പുലിയെ കുടുക്കാനായി ഗ്രാമ പരിസരത്ത് കാമറയും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ പുലിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനപ്രദേശത്തു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ കൂടുതല്‍ സുരക്ഷിതമായ പ്രദേശത്തേക്ക് താല്‍ക്കാലികമായി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ആന പ്രയോഗം പുലിയെ പിടിക്കാന്‍ സഹായിക്കുമോയെന്ന് കണ്ടറിയണം.