ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ 2,921 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനാംഗങ്ങൾ തീവ്രശ്രമം നടത്തിവരികയാണ്.
ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രാദേശിക സമയം വൈകുന്നേരം 6.30 ഓടെയാണ് പസഫിക് പാലിസേഡ്സിൽ തീപിടിത്തമുണ്ടായത്.
പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയിൽ പടർന്നത്.
എന്നാൽ മ്യൂസിയത്തിലെ ശേഖരം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.