മറയൂര്‍: മേഖലയില്‍ ഈ വര്‍ഷം മഴകുറവായതിനാല്‍ വനപ്രദേശങ്ങളിലെ നീരൂറവകള്‍ വരണ്ടുണങ്ങിയതോടെ വന്യജീവികളും ദുരിതത്തില്‍. വനത്തില്‍ വരള്‍ച്ച കൂടിയാല്‍ വന്യജീവികള്‍ ജനവാസമേഖലയിലേയ്ക്ക് കാടിറങ്ങി വരുന്നത് പതിവാണ്. ഇതൊഴിവാക്കാനായി തമിഴ്‌നാട് വനം വകുപ്പ് വന്യജീവികള്‍ക്കായി വനത്തില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് നല്‍കി.മറയൂര്‍ മേഖലയും അന്തര്‍ സംസ്ഥാന അതിര്‍ത്തി വനവും മഴനിഴല്‍ പ്രദേശമാണ്. ഇവിടെ മണ്‍സുണ്‍ കാലത്ത് പോലും വേണ്ടത്ര മഴ ലഭിക്കുന്നില്ല.
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ഒരുമാസം പോലും മഴ കിട്ടാതെ വന്നപ്പോള്‍ ജലാശയങ്ങളും ജലസംഭരണികളും വറ്റിവരണ്ടതോടെ വന്യമൃഗങ്ങള്‍ വനംവിട്ട് ജനവാസ മേഖലയിലെ കൃഷിത്തോട്ടങ്ങളില്‍ ഇറങ്ങിയത് നിത്യ സംഭവമായിരുന്നു. ഇതോടെ ദുരിതത്തിലായ കര്‍ഷകര്‍ നിരവധി സമരപരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ എംഎല്‍എയുടെയും എംപിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളില്‍ വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് ആഹാരത്തിനായി പഴവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനും കൃഷിത്തോട്ടങ്ങളില്‍ ഇറങ്ങാതിരിക്കാന്‍വേണ്ടി വേലി നിര്‍മ്മിക്കാനും ട്രഞ്ച് കുഴിക്കാനും തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം പാഴ് വാക്കായി.
ഒരുമാസം ഇടവിട്ട് വനമേഖലയില്‍ മഴപെയ്തപ്പോള്‍ വന്യമൃഗങ്ങള്‍ക്ക് ആഹാരക്ഷാമം ഇല്ലാതായതോടെ ഇവയ്ക്ക് രണ്ടുമാസത്തോളം കൃഷിത്തോട്ടത്തെ ആശ്രയിക്കേണ്ടി വന്നില്ല. അയല്‍സംസ്ഥാനമായ തമിഴ്‌നാട് വനം വകുപ്പ് ഈ പ്രശ്‌നത്തെ നേരിടാന്‍ വിവിധങ്ങളായ പദ്ധതികളാണ് വര്‍ഷംതോറും നടപ്പാക്കിവരുന്നത്. വനത്തിനുള്ളില്‍ ചെറിയ തടയണ നിര്‍മ്മിച്ച് വെള്ളം സംഭരിച്ച് വയ്ക്കുന്നു.
അമരാവതി റേഞ്ചിലും ഉടുമലപേട്ട റേഞ്ചിലുമായി വനത്തിനുള്ളില്‍ മൂന്നു കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് വന്യമൃഗങ്ങള്‍ക്കാവശ്യമായ വെള്ളം സംഭരിച്ചിരിക്കുന്നു. കുഴല്‍ക്കിണറില്‍ നിന്നു വെള്ളം കയറ്റാനാവശ്യമായ വൈദ്യുതി സോളാര്‍ പാനലുകളുവയോഗിച്ചിരിക്കുന്നു.ഈ പദ്ധതിക്കുവേണ്ടി ചിലവായ തുക ഒന്‍മ്പതുലക്ഷത്തി പതിനായിരം രൂപ മാത്രമാണ്. വാഹനങ്ങള്‍ കടന്ന് ചെല്ലുന്ന വനപ്രദേശങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് തടയണകളിലും മഴക്കുഴികളിലും നിറയ്ക്കുന്നതിനാല്‍ വന്യജീവികള്‍ക്ക് ആവശ്യത്തിന് വെള്ളം വനത്തില്‍ തന്നെ ലഭിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി വരുന്നത് ഒഴിവാക്കാനും സാധിക്കുന്നു.
ഇതുപോലെ വന്യമൃഗങ്ങള്‍ വനം വിടാതിരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ തമിഴ്‌നാട് വനം വകുപ്പ് ആവിഷ്‌കരിച്ച് വരുന്നു. ഇത്തരം പദ്ധതികള്‍ കേരള വനം വകുപ്പ് നടപ്പാക്കിയാല്‍ വനസമ്പത്ത് നിലനിര്‍ത്തുക മാത്രമല്ല കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പ് വരുത്തുകയും ചെയ്യാം.