പാലക്കാട്: ജില്ലയിൽ വനാവകാശനിയമം 2006 പ്രകാരം ഭൂമിയുടെ വ്യക്തിഗത ആവശ്യങ്ങൾക്കുളള കൈവശരേഖ ലഭ്യമാകുന്നതിന് 101 അപേക്ഷകൾക്ക്് ജില്ലാ കളക്ടർ ചെയർമാനായുളള ജില്ലാതല സമിതിയുടെ അംഗീകാരം ലഭിച്ചു. ഇത് പ്രകാരം 163.79 ഏക്കർ ഭൂമിക്കാണ് കൈവശരേഖ നൽകുക.
അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും 2014 മുതലുളള 2167 അപേക്ഷകളാണ് രണ്ടാം ഘട്ടത്തിൽ പരിഗണിച്ചത്. സബ്കളക്റ്റർ ചെയർമാനായുളള സബ്ഡിവിഷനൽ കമ്മിറ്റിയും തുടർന്ന് അന്തിമമായി ജില്ലാതല കമ്മിറ്റിയുമാണ് അപേക്ഷ പരിഗണിച്ചത്. ആദ്യഘട്ടത്തിൽ 60 അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചിരുന്നു.
ചേബറിൽ ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകൾക്ക് കൂടി അംഗീകാരം നൽകിയത്. അട്ടപ്പാടിയിലെ പൂതൂർ ഗ്രാമപഞ്ചായത്തിലെ 53 അപേക്ഷകൾ പരിഗണിച്ചതിന്റെ ഭാഗമായി 90.67 ഏക്കറും ഷോളയൂരിൽ ഏഴ് അപേക്ഷകൾ പ്രകാരം 10.25 ഏക്കറും അഗളി ഗൂളിക്കടവിൽ 30 അപേക്ഷകൾ പ്രകാരം 31.32 ഏക്കറും പട്ടിമാളത്ത് 11 അപേക്ഷകളിൽ 31.55 ഏക്കറിനുമാണ് കൈവശരേഖ ലഭ്യമാകുക.
അതത് പ്രദേശത്തെ വനാവകാശ സമിതികളാണ് വനാവകാശനിയമപ്രകാരം ഭൂമിക്ക് കൈവശരേഖകൾക്കായി അതത് ഗ്രാമസഭകളിൽ അപേക്ഷ സമർപ്പിക്കുന്നത്. അപേക്ഷകളിൽ റവന്യു-വനം- പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയ ശേഷം സബ്ഡിവിഷനൽ കമ്മിറ്റിയുടെ പരിശോധനയ്ക്ക് സമർപ്പിക്കും. മൊത്തമുളള 2167 അപേക്ഷകളിൽ 640 എണ്ണത്തിൽ സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്.
1527 അപേക്ഷകളിൽ സംയുക്ത പരിശോധന നടന്നു വരുന്നു. 568 ്അപേക്ഷകളിൽ പരിശോധന പൂർത്തിയായി സർവെ നടന്നു വരുന്നുണ്ട്. നെല്ലിയാന്പതിയിലെ 185 അപേക്ഷകളിൽ ഇ.എഫ്.എൽ എന്ന നിലയിൽ വനംവകുപ്പിന്റെ എതിർപ്പ് നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധനകൾക്കായി സബ്ഡിവിഷന്ൽ തല പരിശോധന നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി