കോട്ടയം: റബര്‍ത്തോട്ടങ്ങള്‍ പച്ചപ്പന്തലിട്ട കോട്ടയത്ത് സ്വാഭാവിക വനം അത്ര കൂടുതലില്ല. ആലപ്പുഴ കഴിഞ്ഞാല്‍ വനം ഏറ്റവും കുറവുള്ള ജില്ല കോട്ടയമാണ്. പൊന്തന്‍പുഴ, അഴുത, പമ്പാവാലി, മതമ്പ, വാഗമണ്‍ വനപ്രദേശങ്ങള്‍ കോട്ടയം ജില്ലയിലാണ്. വനവിസ്തൃതി 80 ചതുരശ്ര കിലോമീറ്റര്‍. ആനയും പുലിയും കടുവയും കാട്ടുപോത്തും പമ്പ, പീരുമേട് വനത്തിലുണ്ട്.
ഹരിതസമൃദ്ധമെങ്കിലും പൊന്തന്‍പുഴ വനത്തില്‍ ആനയും കടുവയും പുലിയുമില്ല. എന്നാല്‍ കാട്ടുപന്നിയും കുറുക്കനും നരിയും ഏറെ പെരുകിയിട്ടുണ്ടുതാനും. നാട്ടില്‍നിന്നും പിടികൂടുന്ന രാജവെമ്പാല, പെരുമ്പാമ്പ്, മൂര്‍ഖന്‍ പാമ്പുകളെ മുന്‍പ് തുറന്നുവിട്ടിരുന്നത് പൊന്തന്‍പുഴ വനത്തിലാണ്. ഇപ്പോള്‍ പെരിയാര്‍ വനത്തിലും പാമ്പുകളെ തുറന്നുവിടുന്നുണ്ട്.
ഇടുക്കി ഹൈറേഞ്ച് സര്‍ക്കിളിനു കീഴിലുള്ള എരുമേലി ടൗണിലുള്ള എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസാണ് ഏക വനം റേഞ്ച് ഓഫീസ്. വണ്ടന്‍പതാലിലും പ്ലാച്ചേരിയിലും ഫോറസ്റ്റ് സ്റ്റേഷനുകളുമുണ്ട്. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലാണ് വന്യജീവി -മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഒന്‍പതംഗ റാപ്പിഡ് റെസ്പോണ്‍സ് സ്കീം പ്രവര്‍ത്തിക്കുന്നത്.
പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിനു കീഴിലാണ് കരിക്കാട്ടൂര്‍ റിസര്‍വ്, ആലപ്ര, ശബരിമല വനത്തിനോടു ചേര്‍ന്നുള്ള കോയിക്കകാവ്, കാളകെട്ടി, കണമല വനങ്ങള്‍.
വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലാണ് ഉറുമ്പിക്കര റിസര്‍വും കോരുത്തോട് റിസര്‍വും. പെരിയാര്‍ കടുവാ സങ്കേതം പരിധിയിലാണ് എയ്ഞ്ചല്‍വാലി. മുണ്ടക്കയം മതമ്പയില്‍ കാട്ടാനശല്യം കൂടുതലുള്ള ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിന്റെ ഒരു ഭാഗം മാത്രമേ ജില്ലയില്‍ വരുന്നുള്ളൂ.
വനം വകുപ്പിന്റെ കീഴില്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശമാണ് പാറമ്പുഴ. ഹൈറേഞ്ച് സര്‍ക്കിളിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടറുടെ ഓഫീസും തടി ഡിപ്പോയും സാമൂഹ്യ വനവത്കരണ വിഭാഗവും പാറമ്പുഴയിലാണ്.
അന്‍പത് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. മീനച്ചിലാറിനോടു ചേര്‍ന്ന് പാറമ്പുഴയിലെ പ്രകൃതിരമണീയവും ഹരിതാഭവുമായ മൂന്നു ഹെക്ടര്‍ ഉടന്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കും. പാറമ്പുഴയ്ക്കു പുറമേ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിലും തടി ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളില്‍ തേക്ക്, വീട്ടി തടികള്‍ വില്പനയ്ക്കുണ്ട്. മീനച്ചിലാറിന്റെ തീരത്ത് കിടങ്ങൂരിലെ .25 ഹെക്ടര്‍ ആറ്റുവഞ്ചിയും റിസര്‍വ് വനമാണ്. കുമരകം പക്ഷിസങ്കേതം പെരിയാര്‍ കടുവ സങ്കേതത്തിനു കീഴിലാണ്.
- ജിബിന്‍ കുര്യന്